തിരുവനന്തപുരം: കോവിഡ് കാലത്ത് മദ്ധ്യം ഹോം ഡെലിവറി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്ന മദ്യപാനികൾക്ക് തിരിച്ചടി. മദ്യം ഹോം ഡെലിവറി വില്‍പ്പന നടത്താനുള്ള ബിവറേജസ് കോര്‍പറേഷന്റെ നീക്കം ഉടന്‍ നടപ്പാകില്ല. ഹോം ഡെലിവെറിക്ക് തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. ഇത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി തീരുമാനിക്കേണ്ട കാര്യമാണെന്നും നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളം, തിരുവനന്തപുരം നഗരങ്ങളില്‍ പ്രീമിയം ബ്രാന്‍ഡുകള്‍ ഓൺലൈൻ മുഖേനയുള്ള ഓര്‍ഡനനുസരിച്ച് വീടുകളിലെത്തിക്കാനായിരുന്നു ബിവറേജസ് കോര്‍പറേഷൻ ലക്ഷ്യമിട്ടിരുന്നത്. സര്‍ക്കാര്‍ തീരുമാനമനുസരിച്ച് മദ്യം ഹോം ഡെലിവറി നല്‍കാനായിരുന്നു ആലോചന.
ഇതിനായി ബെവകോ എം.ഡി സര്‍ക്കാരിനു ശിപാര്‍ശ നല്‍കാന്‍ തയാറെടുക്കുന്നതിനിടെയാണു മന്ത്രി നിലപാട് വ്യക്തമാക്കിയത്. ബിവറേജസ് കോര്‍പറേഷന്റെ വൈബ്‌സൈറ്റ് പരിഷ്‌കരിച്ച് ഇതിലൂടെ ബുക്കിങ് സ്വീകരിച്ച് ഹോം ഡെലിവറി നടത്താനായിരുന്നു കോര്‍പറേഷന്റെ നീക്കം.
അതേസമയം, നിലവിലെ നിയമപ്രകാരം ഒരാള്‍ക്കു കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററാണ്. ഹോം ഡെലിവറി പ്രാവര്‍ത്തികമാക്കാന്‍ വിതരണം ചെയ്യുന്നയാള്‍ക്കു കൂടുതല്‍ അളവ് മദ്യം കൈവശം വയ്‌ക്കേണ്ടിവരും. ഹോം ഡെലിവറിക്കായി എക്‌സൈസ് നിയമത്തിലും, അബ്കാരി ഷോപ്പ് ഡിസ്‌പോസല്‍ റൂളിലും ഭേദഗതി വരുത്തണം. തുടർ നടപടികൾക്കായി ദിവസങ്ങൾ വേണ്ടിവരും. നിലവിലെ മന്ത്രിസഭയ്ക്ക് അത്രത്തോളം കാലാവധിയില്ലാത്തതിനാൽ മദ്യം ഹോം ഡെലിവറി ഉടനെ സാധ്യമാകുകയില്ല.