KeralaNews

സ്റ്റോക്കുള്ള മദ്യവും അതിന്റെ വിലയും സ്‌ക്രീനില്‍ കാണാം; ഡിസ്പ്ലേ ബോര്‍ഡുമായി ബെവ്‌കോ

തിരുവനന്തപുരം: ബെവ്‌കോ ഷോപ്പുകളില്‍ ഇനി മുതല്‍ സ്റ്റോക്കുള്ള മദ്യത്തിന്റെ വിവരവും വിലയും സ്‌ക്രീനില്‍ തെളിയും. ഈമാസം അവസാനത്തോടെ എല്ലാ ഷോപ്പുകളിലും ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കും. അധിക വില ഈടാക്കുന്നത് തടയുന്നതിനൊപ്പം ചില ബ്രാന്‍ഡുകളുടെ അനധികൃത വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കുകയുമാണ് ലക്ഷ്യം.

ചില മദ്യ കമ്പനികള്‍ ജീവനക്കാരെ സ്വാധീനിച്ച് അവരുടെ ബ്രാന്‍ഡുകള്‍ മാത്രം വിറ്റഴിക്കുന്നുണ്ട്. ഇതിന് മദ്യ കമ്പനികള്‍ ജീവനക്കാര്‍ക്ക് പ്രതിഫലം നല്‍കുന്നുമുണ്ട്. സ്റ്റോക്കും വിലയും പ്രദര്‍ശിപ്പിക്കുന്നതോടെ ഇതൊഴിവാക്കാനാകും. മദ്യ വില്‍പ്പനയിലെ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ ജീവനക്കാര്‍ക്കെതിരേയുള്ള അച്ചടക്ക നടപടികള്‍ ശക്തമാക്കാനും കോര്‍പ്പറേഷന്‍ തീരുമാനിച്ചു.

ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്ന ജീവനക്കാരില്‍ നിന്ന് 30,000 രൂപ പിഴ ഈടാക്കും. സാമ്പത്തിക ക്രമക്കേടുകള്‍ക്കുള്ള ശിക്ഷയും വര്‍ധിപ്പിച്ചു.ബില്ലില്‍ രേഖപ്പെടുത്തിയതില്‍ കൂടുതല്‍ തുക വാങ്ങിയതായി കണ്ടെത്തിയാല്‍ അധികം വാങ്ങിയ തുകയുടെ 1000 ഇരട്ടി പിഴ ഈടാക്കും. നിലവില്‍ 300 ഇരട്ടിയാണ് വാങ്ങിയിരുന്നത്.

മദ്യ കമ്പനികള്‍ക്കു വേണ്ടി ഏതെങ്കിലും ബ്രാന്‍ഡുകളുടെ വില്‍പ്പന പ്രോത്സാഹിപ്പിച്ചാലും കാഷ് കൗണ്ടറിലെ വിറ്റുവരവും കണക്കുകളും തമ്മില്‍ പൊരുത്തമില്ലെങ്കിലും പിഴ ചുമത്തും. അധികം വന്നതോ കുറവുള്ളതോ ആയ തുകയുടെ 1000 മടങ്ങ് പിഴ കോര്‍പ്പറേഷന് നല്‍കണം.കണക്കുകള്‍ കൃത്യസമയത്ത് ഹാജരാക്കാതിരുന്നാല്‍ 10,000 രൂപ പിഴ ചുമത്തും.

ബിവറേജസ് കോര്‍പ്പറേഷന്‍ നിര്‍ദേശിക്കുന്ന പ്രകാരം മദ്യക്കുപ്പികള്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കിലും 5000 രൂപ പിഴ അടയ്ക്കണം. മോഷണം കണ്ടെത്തിയാല്‍ നഷ്ടമായ തുകയുടെ 1000 ഇരട്ടി ഈടാക്കുന്നതിനൊപ്പം ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്യും. മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് കടുത്ത സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ കടുപ്പിച്ചതെന്ന് ബിവറേജസ് അധികൃതര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button