അതിരപ്പിള്ളി: ചാലക്കുടിപ്പുഴയിൽ വെറ്റിലപ്പാറ ഭാഗത്ത് അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചാക്കുങ്ങൽ രാജീവ് കുമാറിന്റെ ഭാര്യയും അഷ്ടമിച്ചിറ മാരെക്കാട് എഎൽപി സ്കൂളിലെ അധ്യാപികയുമായ ലിപ്സി (42)യുടെ മൃതദേഹമാണ് കണ്ടത്. പ്ലാന്റേഷൻ അതിരപ്പിള്ളി ഡിവിഷനിൽ ഒന്നാംബ്ലോക്കിൽ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളിയുടെ സമീപത്തായി ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയാണ് കണ്ടത്. തിങ്കളാഴ്ച രാവിലെ വീട്ടിൽനിന്നിറങ്ങിയ ലിപ്സിയെ വിളിച്ചിട്ട് ഫോൺ എടുത്തിരുന്നില്ല. വൈകുന്നേരം തിരിച്ചെത്തുന്ന സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്ന് ഭർത്താവ് രാജീവ് കൊടുങ്ങല്ലൂർ സ്റ്റേഷനിൽ പരാതി കൊടുത്തു. പോലീസ് പരിശോധനയിൽ മൊബൈൽ ലൊക്കേഷൻ അതിരപ്പിള്ളി ഭാഗത്താണെന്ന് കണ്ടെത്തി.
ഇതേത്തുടർന്ന് അതിരപ്പിള്ളി പോലീസും കൊടുങ്ങല്ലൂർ പോലീസും അന്വേഷണം ആരംഭിച്ചിരുന്നു തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെ പിള്ളപ്പാറ കപ്പേളയുടെ സമീപം ചാലക്കുടിപ്പുഴയിൽ ചൂണ്ട ഇട്ടിരുന്ന പ്രദേശവാസികൾ പുഴയിലൂടെ എന്തോ ഒഴുകിപ്പോകുന്നത് കണ്ട വിവരം അതിരപ്പിള്ളി പോലീസിനെ അറിയിച്ചിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ പിള്ളപ്പാറയിൽ റോഡരികിൽ സ്കൂട്ടർ കണ്ടെത്തുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ച പരിശോധനയിലാണ് എട്ടു കിലോമീറ്ററോളം അകലെ മൃതദേഹം കണ്ടെത്തിയത്.
അതിരപ്പിള്ളി സ്റ്റേഷനിലെ ചാർജുള്ള മലക്കപ്പാറ സിഐ എച്ച്.എൽ. സജീഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ടി.ഡി. അനിൽ, കെ.ഐ. മാർട്ടിൻ പോലീസ് ഓഫീസർമാരായ രാജേഷ്, പോൾസൺ, മനോജ് എന്നിവരാണ് തെരച്ചിൽ നടത്തിയത്. ഫോറൻസിക് സംഘവും ചാലക്കുടി അഗ്നിരക്ഷാ സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഋതു ഏക മകളാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 10-ന് വീട്ടുവളപ്പിൽ.
പുല്ലൂറ്റ് നാരായണമംഗലം സ്വദേശി ചക്കുങ്ങൽ ലിപ്‌സിയെ (42) ചാലക്കുടിപ്പുഴയിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലിൽ കുടുംബം. അധ്യാപികയായ ലിപ്‌സി കഴിഞ്ഞ ഒരാഴ്ചയായി അവധിയിലായിരുന്നു. ചികിത്സക്കായി രണ്ടുദിവസംകൂടി അവധി നീട്ടിയ ഇവർ തിങ്കളാഴ്ച സ്കൂളിലേക്കെന്നു പറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്.
എന്നാൽ, ഇവർ സ്കൂളിൽ എത്തിയിരുന്നില്ല. ചാലക്കുടിയിലുള്ള അധ്യാപകരുടെ സഹകരണസംഘത്തിൽ എത്തുകയും ഇവിടെ പണം അടയ്ക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ചാലക്കുടിയിലെ ടെക്‌സ്റ്റൈൽസിൽനിന്ന് മകൾ ഋതുവിന് ഓണത്തിന് ധരിക്കാനായി പട്ടുപാവാട തുന്നിക്കാൻ സാരി വാങ്ങി സ്കൂട്ടറിൽ സൂക്ഷിച്ചിരുന്നു. രണ്ടുമണിേയാടെ മകൾക്ക് ഫോൺചെയ്ത് അമ്മ സാരി വാങ്ങിയിട്ടുണ്ടെന്നും എത്താൻ കുറച്ചു വൈകുമെന്നും പറഞ്ഞിട്ടുമുണ്ട്. വൈകീട്ട് കാണാതായതിനെത്തുടർന്നാണ് ഭർത്താവ് രാജീവ്കുമാർ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
കഴിഞ്ഞ 22 വർഷമായി അധ്യാപികയായി ജോലിചെയ്യുന്ന ലിപ്‌സി സഹപ്രവർത്തകരും രക്ഷിതാക്കളുമായി നല്ല സൗഹൃദത്തിലായിരുന്നു. അഴീക്കോട് മേനോൻബസാറിനു പടിഞ്ഞാറുവശം ഊർക്കോലിൽ ശ്രീധരന്റെയും പങ്കജത്തിന്റെയും മകളാണ്.


