റിയോ ഡി ജനീറോ: അര്‍ജന്റൈന്‍ പരിശീലകന്‍ ലിയോണല്‍ സ്‌കലോണി സ്ഥാനമൊഴിയുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ തോല്‍പ്പിച്ച ശേഷമാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സ്ഥാനനം പിടിച്ചത്. മത്സരത്തിന് ശേഷം സ്‌കലോണി തന്റെ കോച്ചിംഗ് സ്റ്റാഫുകള്‍ക്കൊപ്പം ചിത്രമെടുത്തത് സംശയങ്ങള്‍ കൂട്ടാനും കാരണമായി. പിന്നീട് അദ്ദേഹം സംസാരിച്ചതോടെ സ്‌കലോണി പോകുന്ന കാര്യം ആരാധകരും ഉറപ്പിച്ചു.
സ്‌കലോണി പറഞ്ഞത് ഇങ്ങനെയായിരുന്നു.. ”ഭാവിയില്‍ ഞാന്‍ എന്തുചെയ്യാന്‍ പോകുന്നു എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. പരിശീലകനെന്ന നിലയില്‍ താരങ്ങള്‍ നിറഞ്ഞ പിന്തുണ തന്നു. അര്‍ജന്റീനക്ക് മുഴുവന്‍ ഊര്‍ജ്ജവുമുള്ള ഒരു പരിശീലകനെ ആവശ്യമാണ്. ഞാന്‍ എഫ് എ പ്രസിഡന്റുമായും കളിക്കാരുമായും പിന്നീട് സംസാരിക്കും.” സ്‌കലോണി പറഞ്ഞു. എന്നാല്‍ ഇതൊരു വിടപറച്ചിലായി എടുക്കരുതെന്നും സ്‌കലോണി വ്യക്തമാക്കി. ”പക്ഷേ എനിക്ക് ചിന്തിക്കേണ്ടതുണ്ട്. കാരണം, കളി നിലവാരം എപ്പോഴും ഉയര്‍ന്നു തന്ന നില്‍ക്കണം. എനിക്ക് കുറച്ചധികം ചിന്തിക്കേണ്ടതുണ്ട്. ഇത് വിട പറയലോ മറ്റെന്തെങ്കിലുമോ അല്ല.” സ്‌കലോണി കൂട്ടിചേര്‍ത്തു.
അസോസിയേഷനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് സ്‌കലോണിയുടെ തീരുമാനത്തിന് പിന്നിലെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ഇപ്പോള്‍ സ്‌കലോണിയുടെ കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്. സ്‌കലോണി ടീം വിടില്ലെന്നാണ് ടൈക്ക് സ്‌പോര്‍ട്‌സ് വ്യക്തമാക്കുന്നത്.
അസോസിയേഷനില്‍ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടെന്നും അത് പ്രസിഡന്റ് ക്ലൗഡിയോ ടാപിയയുമായി ബന്ധപ്പെട്ടതാണെന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ മറ്റൊരു വാര്‍ത്തകൂടി പുറത്തുവന്നു. ടാപിയയുമായി സംസാരിച്ചെന്നും പ്രശ്‌നങ്ങളെല്ലാം ഒത്തുതീര്‍പ്പായെന്നും സ്‌കലോണി പറഞ്ഞതായി വാര്‍ത്തിയിലുണ്ട്.
36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയ്ക്ക് ലോക കിരീടം സമ്മാനിച്ച കോച്ചാണ് സ്‌കലോണി. ഖത്തര്‍ ലിയോണല്‍ മെസിയും കിരീടമുയര്‍ത്തുമ്പോള്‍ സ്‌കലോണിയായിരുന്നു. അദ്ദേഹത്തിന് കീഴിലാണ് കോപ അമേരിക്കയും ഫൈനലിസിമയും നേടിയത്.