26.1 C
Kottayam
Monday, April 29, 2024

ഗില്ലിന് വെല്ലുവിളിയായി കോലി! ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോട് അടുത്ത് കിംഗ്

Must read

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ശുഭ്മാന്‍ ഗില്ലിന്റെ ഒന്നാം സ്ഥാനത്തോട് അടുത്ത് വിരാട് കോലി. നിലവില്‍ കോലി മൂന്നാം സ്ഥാനത്താണെങ്കിലും ഗില്ലുമായുള്ള പോയിന്റ് വ്യത്യാസം കുറയ്ക്കാന്‍ കോലിക്കായി. ഒന്നാം സ്ഥാനത്തുള്ള ഗില്ലിന് 826 പോയിന്റാണുള്ളത്.

824 പോയിന്റുമായി പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം രണ്ടാമത്‌. കോലിക്ക് 791 പോയിന്റാണുള്ളത്. ഗില്ലിനെ മറികടക്കാന്‍ കോലിക്ക് വേണ്ടത് 35 റേറ്റിംഗ് പോയിന്റ് മാത്രം.

ഏകദിന ലോകകപ്പില്‍ 765 റണ്‍സാണ് കോലി നേടിയത്. ഒരു ലോകകപ്പില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് കോലി മറികടന്നത്. ടൂര്‍ണമെന്റിലെ താരവും കോലിയായിരുന്നു. മുമ്പ് ഒന്നാം റാങ്കിലുണ്ടായിരുന്ന താരമാണ്.

1258 ദിവസം തുര്‍ച്ചയായി അദ്ദേഹം ഒന്നാം സ്ഥാനത്തിരുന്നു. 2017 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് കോലി ഒന്നാമതിരുന്നത്. അതേസമയം, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലാമതാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ അഞ്ചാമത്. 

ഒരുസ്ഥാനം മെച്ചപ്പെടുത്തിയ ഡാരില്‍ മിച്ചല്‍ ആറാം സ്ഥാനത്തേക്ക് വന്നു. ഡേവിഡ് വാര്‍ണര്‍, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഹാരി ടെക്റ്റര്‍, ഡേവിഡ് മലാന്‍ എന്നിവര്‍ ഏഴ് മുതല്‍ പത്തുവരെയുളള സ്ഥാനങ്ങളില്‍. അതേസമയം, ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് മൂന്നാം സ്ഥാനത്തേക്കിറങ്ങി.

ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ് ഒന്നാംസ്ഥാനം നിലനിര്‍ത്തി. സിറാജിനെ മറികടന്ന് ജോഷ് ഹേസല്‍വുഡ് രണ്ടാമതെത്തി. ജസ്പ്രിത് ബുമ്ര, ആഡം സാംപ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍.

ഒരു സ്ഥാനം നഷ്ടപ്പെട്ട കുല്‍ദീപ് ഏഴാം സ്ഥാനത്തേക്കിറങ്ങി. റാഷിദ് ഖാനാണ് ആറാമത്. ട്രന്റ് ബോള്‍ട്ട്, ഷഹീന്‍ അഫ്രീദി, മുഹമ്മദ് ഷമി എന്നിവരാണ് എട്ട് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week