പിഎസ്ജി വീണ്ടും തോറ്റു; മെസ്സിയെ കൂവി വിളിച്ചും പരിഹസിച്ചും കാണികൾ

പാരിസ്: ലീഗ് വണ്ണില്‍ സ്വന്തം മൈതാനത്ത് തുടര്‍ച്ചയായ രണ്ടാം തവണയും പിഎസ്ജി തോല്‍വി വഴങ്ങിയ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കുനേരേ കൂവി വിളിച്ച് ക്ലബ്ബിന്റെ ആരാധകര്‍.

കഴിഞ്ഞ ദിവസം ഒളിമ്പിക് ലിയോണിനോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പിഎസ്ജിയുടെ തോല്‍വി. രണ്ടാഴ്ച മുമ്പ് റെനെയ്‌ക്കെതിരേ എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വി നേരിട്ട മത്സരത്തിലും കാണികള്‍ മെസ്സിക്കു നേരേ കൂവി വിളിച്ചിരുന്നു. ഈ സീസണു ശേഷം താരം പിഎസ്ജി വിട്ട് ബാഴ്‌സലോണയിലേക്ക് തിരികെ മടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആരാധകരുടെ ഇത്തരത്തിലുള്ള പെരുമാറ്റം.

ലിയോണിനെതിരായ മത്സരത്തിനു മുമ്പ് പിഎസ്ജിയുടെ സ്റ്റാര്‍ട്ടിങ് ലൈനപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് മെസ്സിയുടെ പേര് വായിച്ചപ്പോള്‍ ആരാധകര്‍ കൂക്കുവിളികള്‍ ഉയര്‍ത്തി. പിന്നീട് മത്സരത്തിനിടെയും ആരാധകര്‍ പരസ്യമായി മെസ്സിയെ കൂവി വിളിച്ച് പരസ്യമായി അവഹേളിച്ചിരുന്നു.

അതേസമയം മെസ്സി ഈ സീസണു പിന്നാലെ ബാഴ്‌സയിലേക്ക് തിരികെയെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. മെസ്സിയെ ബാഴ്സലോണയിലേക്ക് തിരികെയെത്തിക്കാന്‍ കറ്റാലന്‍ ക്ലബ്ബ് ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. മെസ്സിയെ ബാഴ്സലോണയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് റാഫ യുസ്തെ തന്നെ വ്യക്തമാക്കിയിരുന്നു. പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാര്‍ 2023 ജൂണില്‍ അവസാനിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News