പാരീസ്: ലോകകപ്പ് നേട്ടത്തിന് ശേഷം ആദ്യമായി മനസ് തുറന്ന് അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസി. പ്രധാനമായും നെതര്‍ലന്‍ഡ്‌സ് കോച്ച് ലൂയി വാന്‍ഗാലിനെതിരെ നടത്തിയ വിജയാഘോഷത്തെ കുറിച്ചാണ് മെസി സംസാരിച്ചത്. ഗോളാഘോഷം മനപ്പൂര്‍വം ചെയ്തല്ലെന്ന് മെസി അഭിമുഖത്തില്‍ പറഞ്ഞു. ഗോള്‍ നേട്ടത്തിന് ശേഷമായിരുന്നു മെസി പതിവില്ലാത്ത രീതിയില്‍ ഗോള്‍ ആഘോഷം നടത്തിയത്. ആഘോഷം ഫുട്‌ബോള്‍ ലോകത്ത് വന്‍ ചര്‍ച്ചയാവുകയും ചെയ്തു.
എന്നാല്‍, മത്സരത്തിന്റെ ആവേശത്തില്‍ സ്വാഭാവികമായി വന്ന കാര്യമാണെന്ന് മെസി സമ്മതിച്ചു. മെസിയുടെ വാക്കുകള്‍… ”മത്സരത്തിന്റെ തലേന്ന് സഹതാരങ്ങളാണ് ലൂയി വാന്‍ഗാലിന്റെ മോശം പ്രസ്താവനകളെക്കുറിച്ച് പറഞ്ഞത്. എന്റെ ആഘോഷം മത്സരത്തിനിടെ സ്വാഭാവികമായി വന്നുപോയതാണ്. എന്നാല്‍ തന്നെക്കുറിച്ച് ആരാധകരുടെ മനസില്‍ അങ്ങനെയൊരു ചിത്രമല്ല ആഗ്രഹിക്കുന്നത്.
ലോകകപ്പില്‍ സൗദിയോട് തോറ്റ ശേഷമുള്ള മെക്‌സിക്കോയ്‌ക്കെതിരായ മത്സരമായിരുന്നു ഏറ്റവും കടുപ്പമേറിയത്. ഫൈനല്‍ തലേന്ന് സമ്മര്‍ദ്ധമുണ്ടായിരുന്നില്ല. ലോകകപ്പ് ജയത്തിനായി ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന വിശ്വാസം തോന്നിയിരുന്നു.” മെസി പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ താന്‍ തന്നെയാണ് പോസ്റ്റിടുന്നതെന്നും മെസി പറഞ്ഞു. ”ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ഞാന്‍ തന്നെയാണ്. ഏതെങ്കിലും മാനേജരെയോ കമ്പിനേയോ ഏല്‍പ്പിച്ചിട്ടില്ല. ലോകകപ്പ് ജയത്തിന് ശേഷം വാട്‌സാപ്പില്‍ വന്ന അഭിനന്ദന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രണ്ട് ദിവസം വേണ്ടിവന്നു. കുടുംബാംഗങ്ങളുടെ സന്ദേശത്തിനാണ് ആദ്യം മറുപടി നല്‍കിയത്. ഫൈനല്‍ തലേന്ന് നന്നായി ഉറങ്ങി. താന്‍ ലോകകപ്പുമായി നില്‍ക്കുന്നത് ആളുകള്‍ കാണമെന്ന് ആഗ്രഹിച്ചിരുന്നു.” മെസി വ്യക്തമാക്കി.
”ഇന്‍സ്റ്റഗ്രാമിലെ മെസേജുകള്‍ക്ക് താന്‍ തന്നെയാണ് മറുപടി നല്‍കുന്നത്. ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ ചിത്രം ആകണമെന്ന് ഒരിക്കലും ആഗ്രഹഗിച്ചിട്ടില്ല. ഡീഗോ മറഡോണ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം തനിക്ക് കിരീടം നല്‍കുമായിരുന്നു.” മെസി പറഞ്ഞുനിര്‍ത്തി.