ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ ലിംഗായത്ത് പഞ്ചമശാലി സമുദായത്തിന്റെ സംവരണ പ്രതിഷേധം അക്രമാസക്തമായി. സമുദായ മേധാവി ബസവജയ മൃത്യുഞ്ജയ് സ്വാമിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തിനിടെ പോലീസ് ലത്തിച്ചാര്‍ജ് നടത്തി. കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെയാണ് സംഭവം. കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുന്നത് ബെലഗാലിയിലെ സുവര്‍ണ വിധാന്‍ സൗധയിലാണ്. ഇവിടേക്ക് സുരക്ഷാ വലയം ലംഘിച്ച് പ്രതിഷേധക്കാര്‍ മാര്‍ച്ച് ചെയ്യാന്‍ ശ്രമം നടത്തി.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിധാന്‍ സൗധ ഉപരോധിക്കുമെന്ന് സമരക്കാര്‍ ഭീഷണി മുഴക്കിയിരുന്നു. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 15 ശതമാനം സംവരണം ആവശ്യപ്പെട്ടാണ് ലിംഗായത്ത് പഞ്ചമശാലി സമുദായം പ്രതിഷേധിച്ചത്. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് ലാത്തി ചാര്‍ജ് നടത്തി. ബിജെപി നിയമസഭാംഗങ്ങളെയും മൃത്യുഞ്ജയ് സ്വാമിജിയിലെയും അദ്ദേഹത്തിന്റെ നിരവധി അനുയായികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ വാഹനങ്ങളും എംഎല്‍എമാരുടെ വാഹനങ്ങളും സമരക്കാര്‍ തകര്‍ത്തു.
വന്‍ പോലീസ് സന്നാഹമാണ് പ്രതിഷേധക്കാരെ എതിരിട്ടത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാവി നിറത്തിലുള്ള കൊടിവീശി പ്രതിഷേധക്കാര്‍ തങ്ങളുടെ നേതാവിന് ചുറ്റും കൂടിനിന്ന് മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രതിഷേധക്കാരുമായി പോലീസുകാര്‍ തര്‍ക്കിക്കുന്നതും തുടര്‍ന്ന് ലാത്തിച്ചാര്‍ജ് നടത്തുന്നതും വീഡിയോകളില്‍ കാണാം. പ്രതിഷേധം കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ചേരിതിരിവിന് കാരണമായിട്ടുണ്ട്.