പ്രയാഗ്‌രാജ്: സാമൂഹികമാധ്യമങ്ങളിലെ അശ്ലീലമോ അരോചകമോ ആയ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നത് കുറ്റകരമല്ലെന്നും അതേസമയം അത്തരത്തിലുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതോ റീപോസ്റ്റ് ചെയ്യുന്നതോ കുറ്റകൃത്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്നും നിയമനടപടി നേരിടേണ്ടി വരുമെന്നും അലഹബാദ് ഹൈക്കോടതി.
അശ്ലീല ഉള്ളടക്കമുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ആക്ടിന്റെ 67-ാം വകുപ്പനുസരിച്ച് സംപ്രേക്ഷണം ചെയ്യുന്നതിനോ പ്രചരിപ്പിക്കുന്നതിനോ സമാനമാണെന്നും ശിക്ഷാര്‍ഹമായ പ്രവൃത്തിയാണെന്നും കോടതി നിരീക്ഷിച്ചു.
ഐടി നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയുടെ വിവിധ വകുപ്പുകള്‍പ്രകാരം തനിക്കെതിരെ ചുമത്തിയ കേസിനെതിരെ ആഗ്ര സ്വദേശിയായ മുഹമ്മദ് ഇമ്രാന്‍ കാസ്മി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് അരുണ്‍ കുമാര്‍ സിങ് പരാമര്‍ശങ്ങള്‍ നടത്തിയത്.
ഒരു സാമൂഹികമാധ്യമ ഉപയോക്താവ് പങ്കുവെച്ച നിയമവിരുദ്ധമായ കൂടിച്ചേരലിന്റെ പോസ്റ്റ് ലൈക്ക് ചെയ്തുവെന്നാണ് കാസ്മിക്കെതിരെയുള്ള കേസ്. ഏതെങ്കിലും തരത്തിലുള്ള ആക്ഷേപകരമായ പോസ്റ്റുകള്‍ ഹര്‍ജിക്കാരനുമായി ബന്ധപ്പെട്ട് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ഹര്‍ജിക്കാരന്റെ ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് അക്കൗണ്ടുകളില്‍ നിയമവിരുദ്ധമായ പോസ്റ്റുകളോ മറ്റോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അതിനാല്‍ത്തന്നെ കാസിക്കെതിരെ കേസ് നിലനില്‍ക്കുന്നില്ലെന്നും ജ. അരുണ്‍ കുമാര്‍ സിങ് പറഞ്ഞു.
ഫര്‍ഹാന്‍ ഉസ്മാന്‍ എന്നയാളുടെ പോസ്റ്റ് ലൈക്ക് ചെയ്യുക മാത്രമാണ് കാസ്മി ചെയ്തിരിക്കുന്നതെന്നും ഒരു പോസ്റ്റ് ലൈക്ക് ചെയ്യുന്നത് ഐടി നിയമത്തിന്റെ 67-ാം വകുപ്പനുസരിച്ചുള്ള കുറ്റകൃത്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
അശ്ലീലതയുള്ള ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രവൃത്തികളാണ് പ്രസ്തുതവകുപ്പിന് കീഴില്‍ വരുന്നതെന്നും പ്രകോപനപരമായ സംഗതികള്‍ വകുപ്പിന് കീഴില്‍വരില്ലെന്നും കോടതി വ്യക്തമാക്കി.
പ്രകോപനപരമായ പോസ്റ്റ് ലൈക്ക് ചെയ്തുവെന്ന കുറ്റത്തിന് കാസ്മിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ജൂണ്‍ 30ന് ആഗ്ര ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കാസ്മി ഹൈക്കോടതിയെ സമീപിച്ചത്.