ജയ്പൂര്‍:രാജസ്ഥാൻ റോയൽസ് (ആർആർ) ക്യാപ്റ്റൻ സഞ്ജു സാംസണെ ധോണിയുമായി താരതമ്യപ്പെടുത്തിയ ഇന്ത്യൻ സ്പിന്നർ ചഹൽ പാഞ്ഞ ഒരു കാര്യമുണ്ട്. അയാൾ എല്ലാ അർത്ഥത്തിലും വളരെ കൂളാണ്. ധോണിയെ പോലെ ശാന്തനും ടീം അംഗങ്ങൾക്ക് പോസിറ്റീവ് എനർജി പകരുന്ന ആളുമാണെന്ന്.
അതിനാൽ തന്നെ മലയാളികൾക്ക് ഇടയിൽ മാത്രമല്ല അല്ലാതെയും ഒരുപാട് ആളുകൾ സഞ്ജുവിനെ ആരാധിക്കുന്നുണ്ട് . ഭാവിയിൽ അത് കൂടിയേക്കാം. സഞ്ജുവിന്റെ ആരാധകരോടുള്ള പെരുമാറ്റവും അതിനൊരു കാരണമാണ്.
ഈ സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും ധോണിയുടെ ടീമിനെ സഞ്ജുവും പിള്ളേരും തോൽപ്പിച്ചിരുന്നു. ഇവിടെ എടുത്ത് പറയേണ്ടത് സഞ്ജു ടീമിനെ നയിച്ച രീതിയാണ്. ചെന്നൈ പോലെ ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ടീമിന് എതിരെ അയാൾക്ക് കൃത്യമായ തന്ത്രങ്ങൾ ഉണ്ടായിരുന്നു.
ആ തന്ത്രങ്ങൾക്ക് മുന്നിൽ അവർ വീണു. വിക്കറ്റു വീഴുമ്പോൾ അമിതമായി ആഘോഷമില്ല, ഓവർ ഷോ കാണിക്കുന്നില്ല എല്ലാ അർത്ഥത്തിലും ധോണി സ്റ്റൈൽ. ഇന്നലത്തെ മത്സരശേഷം ഇതുമായി ബന്ധപ്പെട്ട് സംസാരിച്ച രവി ശാസ്ത്രിയും ഇത് തന്നെയാണ് പറഞ്ഞത്.
“ധോണിയെ പോലെ തന്നെ കഴിവുകൾ ഉള്ള താരമാണ് സഞ്ജുവും. ഞാൻ അവനെ കണ്ട കുറച്ചുനാൾ കൊണ്ട് എനിക്ക് അത് മനസിലായി. അവൻ കാര്യങ്ങൾ നന്നായി മനസിലാക്കി പ്രവർത്തിക്കുന്നു.
പുറമെ കാണുന്ന രീതിയിൽ അവൻ വെറുതെ സ്റ്റമ്പിന് പുറകിൽ നിൽക്കുന്നതായി തോന്നും. എന്നാൽ അവൻ സഹതാരങ്ങളോട് നന്നായി സംസാരിക്കുകയും വേണ്ട കാര്യങ്ങൾ പറഞ്ഞ് കൊടുക്കയും ചെയ്യുന്നു. ഭാവിയിൽ കൂടുതൽ മത്സരങ്ങളിൽ നയിക്കുമ്പോൾ അവൻ ധോണിയേക്കാളും മികച്ചവനാകും.” ശാസ്ത്രി പറയുന്നു.