കോട്ടയം:പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ചതിന്റെ പേരിൽ ജോലി നഷ്ടമായെന്ന് ആരോപിച്ച സതിയമ്മയ്‌ക്കെതിരെ പരാതിയുമായി കെ.സി ലിജി മോൾ. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ചമച്ച് ജോലി നേടിയെന്ന് കാണിച്ചു ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ബാങ്ക് അക്കൗണ്ട് വ്യാജമെന്നും ലിജിമോൾ ആരോപിച്ചു. മൃഗാശുപത്രിയില്‍ ജോലിയുണ്ടായിരുന്ന കാര്യം അറിയുന്നത് സോഷ്യൽ മീഡിയ വഴിയാണെന്നും ലിജിമോൾ.
ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിയതിന് പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം വെറ്ററിനറി ആശുപത്രി താൽക്കാലിക ജീവനക്കാരി പി.ഒ സതിയമ്മയെ പിരിച്ചുവിട്ടെന്നായിരുന്നു ആരോപണം. വിവാദം കത്തിപ്പടരുന്നതിനിടെയാണ് പ്രതികരണവുമായി കെ.സി ലിജി മോൾ രംഗത്തെത്തിയത്. തന്റെ ജോലി മറ്റൊരാൾ ചെയ്തത് അറിഞ്ഞില്ലെന്നാണ് ലിജിമോളുടെ പ്രതികരണം. മൃഗാശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും സതിയമ്മയ്ക്കൊപ്പം ഒരു കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലിജി മോള്‍ വ്യക്തമാക്കി.
എനിക്ക് ഇതേക്കുറിച്ച് അറിയുകയുമില്ല. എനിക്ക് ഇങ്ങനെയൊരു ജോലി ഉള്ള കാര്യം തന്നെ ഞാൻ അറിഞ്ഞത് ഇക്കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ്. എന്റെ പേരിൽ വന്ന രേഖയിലെ ഒപ്പും എന്റേതല്ല. എനിക്ക് പൈസ കിട്ടിയിട്ടുമില്ല, ഞാൻ പൈസ എടുക്കാൻ ഒരിടത്തും പോയിട്ടുമില്ല. നാലു വർഷം മുൻപ് ഞാൻ കുടുംബശ്രീയിൽ പ്രവർത്തിച്ചിരുന്നു. അന്ന് സെക്രട്ടറിയായിരുന്നു. ആ സമയത്ത് ഉണ്ടായിരുന്ന അക്കൗണ്ടിലേക്കാണോ പണം വരുന്നതെന്ന് അറിയില്ല’ – ലിജി മോള്‍ കൂട്ടിച്ചേത്തു.
ജോലി ചെയ്തോളാൻ ലിജി തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് സതിയമ്മയുടെ വാദം. 13 വർഷമായി ജോലി ചെയ്യുന്നു. ജോലിക്കാര്യത്തിൽ ലിജിയുടെ പൂർണ പിന്തുണ ഉണ്ടായിരുന്നുവെന്നും കുടുംബശ്രീക്ക് കീഴിൽ ലിജി തന്നെയാണ് ജോലി വാങ്ങി തന്നതെന്നും സതിയമ്മ. കുടുംബശ്രീ അക്കൗണ്ടിലേക്ക് ശമ്പളം വരുന്നത്. ഇന്നലെ ലിജിയുമായി സംസാരിച്ചു. ഇങ്ങനെ ആകുമെന്ന് കരുതിയില്ല എന്നായിരുന്നു ലിജിയുടെ മറുപടി. ലിജി സ്വന്തം നിലയിൽ തനിക്കെതിരെ നീങ്ങുമെന്ന് കരുതുന്നില്ല. പ്രേരണ കൊണ്ടാകും ലിജി തനിക്കെതിരെ തിരിഞ്ഞതെന്നും സതിയമ്മ പറയുന്നു.