ഒറ്റപ്പാലം: അഞ്ച് വർഷമായി ഒരുമിച്ച് കഴിഞ്ഞിരുന്നയാളെ റബ്ബർ തോട്ടത്തിൽ വെച്ച് കുത്തിക്കൊന്ന കേസിൽ യുവതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും. ആലപ്പുഴ വെണ്ണക്കര കൃഷ്ണവിലാസത്തിൽ ഇന്ദിരാമ്മ(47) യെന്ന മോളിയെയാണ് ഒറ്റപ്പാലം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി സി.ജി ഗോഷ ശിക്ഷിച്ചത്.
പത്തനംതിട്ട വെച്ചൂച്ചിറ കുമ്പളാണിക്കൽ ഡൊമിനിക് എന്ന കുഞ്ഞുമോനെ കുത്തിക്കൊന്ന കേസിലാണ് വിധി. ജീവപര്യന്തം കഠിന തടവിനും 10,000 രൂപ പിഴയുമാണ് ഇന്ദിരാമ്മക്ക് വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് കൂടി അനുഭവിക്കണം.
2018 നവംബര്‍ 13ന് കൊപ്പം നെടുമ്പറക്കോട് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദമ്പതിമാരെന്ന വ്യാജേന പേര് മാറ്റി സ്വകാര്യ റബ്ബർ തോട്ടത്തിലെ തൊഴിലാളികളായി താമസിക്കുന്നതിനിടെ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിൽ കലാശിച്ചത്.
റബ്ബർ തോട്ടത്തിൽ വെച്ച് ടാപ്പിങിന് ഉപയോഗിക്കുന്ന കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞുമോൻ മകളുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയായിരുന്നു സംഭവം. ഫോൺ ചെയ്യുന്നതിനിടെ കത്തി താഴെ വെച്ചിരിക്കുകയായിരുന്നു.
ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ഇത് കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്. സംഭവം ആരോ മനപ്പൂർവം ചെയ്തതാണെന്നും വീഴ്ചക്കിടെ അബദ്ധത്തിൽ സംഭവിച്ചതല്ലെന്നുമായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.