News

ലൈഫ് മിഷൻ കോഴ: ശിവശങ്കറിന് കിട്ടിയത് ഒരു കോടിയും മൊബൈൽ ഫോണുമെന്ന് ഇഡി

കൊച്ചി: ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന് ലഭിച്ചതടക്കം ക്രമക്കേട് തുക വെളിപ്പെടുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട്. എം ശിവശങ്കറിന് കിട്ടിയത് ഒരു കോടി രൂപയും മൊബൈൽ ഫോണുമെന്ന് ഇഡി പറയുന്നു. നടന്നത് 3.38 കോടി രൂപയുടെ കോഴ ഇടപാടെന്ന് എൻഫോഴ്സ്മെന്റ് അന്വേഷണ സംഘം ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. കരാറിന് ചുക്കാൻ പിടിച്ചാണ് എം ശിവശങ്കനും കോഴ ഇടപാടിന്റെ ഭാഗമായത്. ഒരു കോടി രൂപയും മൊബൈൽ ഫോണും ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് ലഭിച്ചതിന് തെളിവുണ്ടെന്ന് ഇ ഡിയുടെ അറസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

ആകെ 6 പ്രതികളുള്ള കേസിൽ തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനെയാണ് പുതുതായി പ്രതി ചേർത്തത്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കുന്നതിനു മുൻപ് തന്നെ മുൻകൂറായി കമ്മീഷൻ ഇടപാട് നടന്നെന്നാണ് ഇ ഡി അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. മൂന്ന് ദശലക്ഷം ദിർഹം ഇടപാട് തുകയായി ഉറപ്പിച്ചു. യൂണിറ്റാക്കിന് തന്നെ കരാർ ലഭിക്കാൻ മുഖ്യമന്ത്രിയെ കൊണ്ട് സമ്മതിപ്പിച്ചതിനുള്ള പ്രതിഫലമായാണ് എം ശിവശങ്കറിന് ഒരു കോടി രൂപ ലഭിച്ചതെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. 

കമ്മീഷനായി ലഭിച്ച പണം തന്റെ പേരിലുള്ള ലോക്കറിൽ സൂക്ഷിക്കാൻ നിർദ്ദേശിച്ചത് ശിവശങ്കറാണെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. കരാർ ഉറപ്പിക്കുന്നതിന് മുൻപ് എം ശിവശങ്കറും സ്വപ്ന സുരേഷും നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ കോഴ ഇടപാടിനും കള്ളപ്പണക്കേസിനും തെളിവാണെന്ന് ഇ ഡി വ്യക്തമാക്കുന്നു. സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് കിട്ടിയ പണം തന്‍റേതാണെന്ന് ശിവശങ്കർ കേന്ദ്ര ഏജൻസികളോട് ഇതേവരെ സമ്മതിച്ചിട്ടില്ല.  തന്‍റെ ലോക്കറിലെ ഒരുകോടി രൂപ ലൈഫ് മിഷനിലെ ശിവശങ്കറിന്‍റെ കോഴപ്പണമാണെന്നും എല്ലാറ്റിനും ഇടനിലനിന്നത് ശിവശങ്കറാണെന്നും സ്വപ്ന ഇഡിക്കുമുന്നിൽ സമ്മതിച്ചതോടെയാണ് കേസിൽ തെളിവ് ശേഖരണം ശക്തമായത്. ചോദ്യം ചെയ്തപ്പോഴെല്ലാം ശിവശങ്കർ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. എന്നാൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനടക്കം മൊഴി നൽകിയതോടെ കുരുക്ക് മുറുകി. 

ഇക്കഴിഞ്ഞ ജനുവരി 31 നാണ് എം ശിവശങ്കർ സർവീസിൽ നിന്ന് വിരമിച്ചത്. ആ ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ശിവശങ്കർ അക്കാരണം പറഞ്ഞ് ഒഴിഞ്ഞുമാറി. ഒടുവിൽ ഇക്കഴിഞ്ഞ 11നും 13നും തുടർച്ചയായി ചോദ്യം ചെയ്തശേഷമാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷൻ കോഴക്കോസിൽ സിബിഐ അന്വേഷണവും തുടരുന്നതിനാൽ ശിവശങ്കറിന് കേന്ദ്ര ഏജൻസികളുടെ ചോദ്യമുനയിൽ ഇനിയും നിൽക്കേണ്ടിവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button