കൊച്ചി: സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നതിലെ അനിശ്ചിതത്വം മാറ്റാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. നേരത്തെ അനുവദിച്ച 50 ശതമാനം വൈദ്യുതി ചാര്‍ജ് ഇളവ് നിലനിര്‍ത്താന്‍ മുഖ്യമന്ത്രി തീരുമാനമെടുക്കണം. തീയറ്റര്‍ തുറക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
വിനോദ നികുതിയിലടക്കം ഇളവ് നല്‍കിയില്ലെങ്കില്‍ തീയറ്റര്‍ തുറക്കാനാകില്ല. സാമ്പത്തിക പ്രതിസന്ധിയിലായ തീയറ്ററുകള്‍ക്ക് 10 ലക്ഷം രൂപ അടിയന്തര സഹായം നല്‍കണം. കാണികള്‍ക്ക് രണ്ട് ഡോസ് വാക്സിനെടുക്കണമെന്നത് പ്രായോഗികമല്ലെന്നും വകുപ്പ് മന്ത്രിയുടെ ഉറപ്പല്ല, മുഖ്യമന്ത്രിയുടെ ഉറപ്പാണ് വേണ്ടതെന്നും ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു. കൊവിഡിനിടയില്‍ തന്നെ ജനുവരിയില്‍ തീയറ്ററുകള്‍ തുറന്നിരുന്നു. അന്ന് വൈദ്യുതിയിലും വിനോദ നികുതിയിലും സര്‍ക്കാര്‍ നല്‍കിയ ഇളവ് തുടരണമെന്നതാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.
സംസ്ഥാനത്ത് തീയറ്റര്‍ തുറക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. തീയറ്റര്‍ ഉടമകളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 25 മുതലാണ് സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ തുറക്കുക. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനംഅനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം.
അതേസമയം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കരട് മാര്‍ഗരേഖയായി. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താന്‍ പാടുള്ളൂ. എല്‍പി തലത്തില്‍ ഒരു ക്ലാസില്‍ 10 കുട്ടികളെ ഒരേ സമയം ഇരുത്താം. യുപി തലം മുതല്‍ ക്ലാസ്സില്‍ 20 കുട്ടികള്‍ ആകാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ആദ്യ ഘട്ടത്തില്‍ സ്‌കൂളുകളില്‍ ഉച്ച ഭക്ഷണം ഉണ്ടാവില്ല. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിക്കും. അന്തിമ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായാണ് മാര്‍ഗരേഖ തയ്യാറാക്കിയത്. കരട് മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി. അന്തിമ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കുമെന്നാണ് സൂചന.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി നിരവധി സംഘടനകളുടെ യോഗങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്തത്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസവകുപ്പ് നടത്തുന്നത്. അധ്യാപക, വിദ്യാര്‍ഥി, യുവജന, തൊഴിലാളി തുടങ്ങിയ സംഘടനങ്ങളുമായി വിദ്യാഭ്യാസ മന്ത്രി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് സംഘടനകള്‍ അറിയിച്ചിരുന്നു.
അതേസമയം ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോളജുകള്‍ തുറന്നു. അവസാനവര്‍ഷ ഡിഗ്രി, പിജി ക്ലാസുകളാണ് ആരംഭിച്ചത്. ഏറെക്കാലത്തിന് ശേഷം സുഹൃത്തുക്കളെ കണ്ടുമുട്ടിയ സന്തോഷത്തിലായിരുന്നു എല്ലാവരും. കര്‍ശന സുരക്ഷ ക്രമീകരണങ്ങളോടെയാണ് കോളജുകളുടെ പ്രവര്‍ത്തനം. ശരീരോഷ്മാവ് പരിശോധിച്ചും സാനിട്ടൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുദ്ധമാക്കിയെന്ന് ഉറപ്പുവരുത്തിയുമാണ് ഓരോരുത്തരേയും പ്രവേശിപ്പിച്ചത്. ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്തിരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു തിരുവനന്തപുരം വിമന്‍സ് കോളേജില്‍ എത്തി കുട്ടികളുമായി ആശയവിനിമയം നടത്തി.