24.6 C
Kottayam
Monday, May 20, 2024

അദീബിനായി യോഗ്യതയില്‍ മാറ്റം വരുത്താന്‍ ജലീല്‍ നല്‍കിയ കത്ത് പുറത്ത്, രാജിയാവശ്യം ശക്തം

Must read

കൊച്ചി: മന്ത്രി കെ.ടി ജലീൽ തന്റെ ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറ്റാൻ ആവശ്യപ്പെട്ട് നൽകിയ കത്ത് പുറത്ത്. മന്ത്രിയുടെ കീഴിലുള്ള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ നിയമനത്തിനുള്ള യോഗ്യതയിൽ മാറ്റം വരുത്താനാണ് കത്ത് നൽകിയത്. ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് ഈ തസ്തിക മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു.

മന്ത്രിയായി ചുമതലയേറ്റ് ഏതാണ്ട് രണ്ട് മാസമായപ്പോഴാണ് ഇത്തരത്തിൽ കത്ത് നൽകിയത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 29-6-2013 ൽ കൃത്യമായ യോഗ്യത നിശ്ചയിച്ചിരുന്നു. ഈ ഉത്തരവിൽ മറ്റം വരുത്തണണെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് 26-7-2016 ൽ ജിഐഡി സെക്രട്ടറിക്ക് മന്ത്രി കത്ത് നൽകിയത്.

ജനറൽ മാനേജറുടെ യോഗ്യത ബിടെക് വിത്ത് പിജിഡിബിഎ എന്ന് കൂടി മാറ്റി യോഗ്യത നിശ്ചയിക്കണമെന്നാണ് ജലീൽ ആവശ്യപ്പെട്ടത്. മന്ത്രിയുടെ ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയാണ് ബിടെക്കും പിജിഡിബിഎയും. ഈ കത്തിന്റെ അടിസ്ഥാനത്തിൽ യോഗ്യത മാറ്റി നിശ്ചയിച്ചു സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു.

ലോകായുക്തയ്ക്ക് മുന്നിൽ ഈ കത്ത് കൃത്യമായ തെളിവായി എത്തിയതാണ് മന്ത്രി കെ.ടി ജലീൽ അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ബോധ്യപ്പെടാനുണ്ടായ കാര്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത ആക്ട് സെക്ഷൻ 14 പ്രകാരം മന്ത്രി കെ.ടി ജലീലിനെ നീക്കണമെന്ന ഉത്തരവിലേക്ക് നയിച്ചതും.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുവരെ മന്ത്രി കെ.ടി.ജലീലിനെ സംരക്ഷിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ധാര്‍മികത അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി ജലീലിന്റെ രാജി വാങ്ങണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി ബന്ധുവിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന ലോകായുക്ത വിധിക്കു പിന്നാലെയായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന.

മന്ത്രി കെ.ടി.ജലീല്‍ എത്രയും വേഗം രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും കാട്ടിയ മന്ത്രി നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് ലോകായുക്ത വിധിയിലൂടെ തെളിഞ്ഞു. ബന്ധുനിയമന വിവാദം ഉയര്‍ന്നു വന്നപ്പോള്‍ തെറ്റായി ഒന്നും ചെയ്തില്ലെന്നായിരുന്നു മന്ത്രിയുടെ വാദം.

അതു പൂര്‍ണമായി അംഗീകരിച്ച മുഖ്യമന്ത്രി, ബന്ധുനിയമന വിവാദത്തിന്റെ പേരില്‍ രാജിവച്ച മന്ത്രി ഇ.പി.ജയരാജന് നല്‍കാത്ത സമ്പൂര്‍ണ സംരക്ഷണമാണ് മന്ത്രി ജലീലിന് നല്‍കിയത്. തുടക്കം മുതല്‍ വിവാദങ്ങളുടെ തോഴനാണ് ജലീല്‍. മന്ത്രിസഭയുടെ സഭ്യതയ്ക്കും അന്തസ്സിനും നിരക്കാത്ത പല ആക്ഷേപങ്ങളും അദ്ദേഹത്തിന് എതിരെ ഉയര്‍ന്നിരുന്നു.

പിന്‍വാതില്‍ നിയമനത്തിന് പേരുകേട്ട മുഖ്യമന്ത്രി ഈ വൈകിയ വേളയിലെങ്കിലും മന്ത്രി ജലീലിനെ പുറത്താക്കാന്‍ തയാറാകുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു. എത്രകാലം മൂടിവച്ചാലും സത്യം വിജയിക്കും എന്നതിന് തെളിവാണ് ജലീലിനെതിരായ ലോകായുക്ത വിധിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു.

ഹൈകോടതിയും ഗവര്‍ണറും തള്ളിയ കേസിലാണ് ബഹുമാനപ്പെട്ട ലോകായുക്ത ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ജലീല്‍ പ്രതികരിച്ചു.പൂര്‍ണ്ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജലീല്‍ ഫെ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week