കൊച്ചി:സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ഒരു സ്ത്രീതന്നെ തുടക്കമിടണമെന്ന് നടൻ ഷൈൻ ടോം ചാക്കോ. ഒരു സ്ത്രീ ഒരു പരിചയവും ഇല്ലാത്ത ഒരു വീട്ടിൽപ്പോയി എന്തിന് ജീവിതം തുടങ്ങുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ഒരു സ്ത്രീക്ക് അവൾക്ക് ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശമില്ലെന്ന് ഷൈൻ അഭിപ്രായപ്പെട്ടു. ആ അവകാശത്തിനു വേണ്ടിയാണ് ആദ്യം പൊരുതേണ്ടത്. എന്നിട്ടുമതി രാത്രി പുറത്തിറങ്ങി നടക്കുന്നതിനും രണ്ട് വറുത്ത മീനിനുവേണ്ടിയുമുള്ള പൊരുതൽ. തുല്യ വസ്ത്രധാരണത്തേക്കുറിച്ചോ, തുല്യ സമയ രീതിയേക്കുറിച്ചോ അല്ല ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
“അവരവർ ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ഏതെങ്കിലും സ്ത്രീ പൊരുതിയിട്ടുണ്ടോ? അങ്ങനെ നിങ്ങൾക്ക് പൊരുതണമെങ്കിൽ ആദ്യം സ്വന്തം വീട്ടിൽ നിന്ന് പൊരുതണം. അപ്പോൾ പറയും അങ്ങനെയേ കുടുംബങ്ങൾ ഉണ്ടാവൂ എന്ന്. ഇതൊക്കെ ആരാണ് നിങ്ങളോട് പറഞ്ഞത്? പുറത്തുനിൽക്കുന്ന പുരുഷനല്ലേ? അതിനെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത്.” ഷൈൻ പറഞ്ഞു.
ഇത്തരം കാര്യങ്ങളെയെല്ലാം ചോദ്യം ചെയ്ത് ഈ വരുന്ന പെൺകുട്ടികൾ ആണുങ്ങളോട് പറയണം നിങ്ങൾ വിവാഹം കഴിച്ച് പൊയ്ക്കോളൂ, ഞങ്ങൾ കുടുംബത്തിരുന്നോളാമെന്ന്. അതാണ് സ്വാതന്ത്ര്യം, സമത്വം എന്നെല്ലാം പറയുന്നത്. അങ്ങനെ ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല.
വീട്ടിൽ നിന്ന് രക്ഷപ്പെടാനാണ് പെൺകുട്ടികൾ നോക്കുന്നത്. തുല്യവേതനത്തിനല്ല, തുല്യ ജീവിതത്തിനാണ് ആദ്യം സമരം ചെയ്യേണ്ടത്. ഇവിടെ ആണിന് പെണ്ണും പെണ്ണിന് ആണും എന്ന രീതിയിലാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളതെന്നും ഷൈൻ ടോം ചാക്കോ കൂട്ടിച്ചേർത്തു.