കാസര്‍കോട് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ പുലി ചാടിപ്പോയി; മയക്കുവെടിവെച്ചതായി വനംവകുപ്പ്‌

കാസര്‍കോട്: കൊളത്തൂര്‍ മടന്തക്കോട് തുരങ്കത്തിനുള്ളില്‍ ഇന്നലെ രാത്രി കുടുങ്ങിയ പുലി ചാടിപ്പോയി. പുലിയെ മയക്കു വെടിവച്ചതിന് പിന്നാലെ ചാടിപ്പോയതായാണ് വനം വകുപ്പ് വ്യക്തമാക്കിയത്. പുലിക്ക് വെടി കൊണ്ടതായി വനംവകുപ്പ് പറയുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തുരങ്കത്തിനുള്ളില്‍ മുള്ളന്‍പന്നിക്ക് വച്ച കെണിയിലാണ് പുലി കുടുങ്ങിയത്.

വനം വകുപ്പിന്റെ വെറ്ററിനറി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി മയക്കു വെടി വെച്ചതിന് പിന്നാലെ പുലി രക്ഷപ്പെടുക ആയിരുന്നു. പുലി രക്ഷപ്പെട്ടതില്‍ ആശങ്കയുണ്ടെന്ന് പുലിയെ ആദ്യം കണ്ട അനുപമ പ്രതികരിച്ചു. മോട്ടോറിന്റെ സ്വിച്ച് ഓണാക്കാന്‍ ചെന്നപ്പോള്‍ അനക്കം കണ്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടതെന്നും അവര്‍ പറഞ്ഞു.

മടന്തക്കോട് അനിലിന്റെ ഉടമസ്ഥയിലുള്ള തോട്ടത്തിലെ തുരങ്കത്തിലാണ് വൈകിട്ട് ഏഴ് മണിയോടെ പുലിയെ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കൂട് വച്ചു. കഴിഞ്ഞ ഒരാഴ്ചയായി പെര്‍ളടക്കം, കൊളത്തൂര്‍ ഭാഗത്ത് പുലി ഭീഷണി നിലനില്‍ക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News