ഭോപ്പാല്‍: മധ്യപ്രദേശിലെ സിയോണില്‍ 16കാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു. രവീന യാദവ് എന്ന പെണ്‍കുട്ടിയാണ് മരണപ്പെട്ടത്. കനിവാഡ വനമേഖലയില്‍ പാണ്ഡിവദക്ക് അടുത്താണ് സംഭവം. ശനിയാഴ്ച ഉച്ചതിരിഞ്ഞ് പിതാവിനൊപ്പമെത്തിയ പെണ്‍കുട്ടിയെ പുലി കൊലപ്പെടുത്തുകയായിരുന്നെന്ന് ഫോറസ്റ്റ് റേഞ്ചര്‍ പറഞ്ഞു.
കന്നുകാലി മേച്ചിലിനായി വനത്തിനുള്ളിലേക്ക് എത്തിയതായിരുന്നു പെണ്‍കുട്ടിയും പിതാവും. ഈ സമയം പുലി പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടിയതോടെ, പുലി മൃതദേഹം ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിപ്പോയി.
പെണ്‍കുട്ടിയുടെ കുടുംബത്തിന് അടിയന്തിരമായി 10000രൂപ അനുവദിച്ചതായി ഫോറസ്റ്റ് റേഞ്ചര്‍ പ്രതികരിച്ചു. നാലുലക്ഷം രൂപ പിന്നീട് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.