KeralaNews

ആ പുലി വീണ്ടുമെത്തി; മരക്കൊമ്പിലേക്കു കുതിച്ചുകയറി കോഴിയെ പിടിച്ചു, ധോണിയില്‍ വീണ്ടും പുലിയിറങ്ങി

പാലക്കാട്: കഴിഞ്ഞ ദിവസം രാത്രിയില്‍ എത്തി കോഴിയെ പിടിച്ച വീട്ടില്‍ വീണ്ടും പുലി എത്തി. രാത്രിയില്‍ എത്തിയ പുലി വീണ്ടും കോഴിയെ പിടിച്ചുകൊണ്ടുപോയി. സിസി ടിവിയിലെ ദൃശ്യങ്ങള്‍ കണ്ടു നടുങ്ങിയിരിക്കുകയാണ് വീട്ടുകാര്‍. പാലക്കാട് ധോണിയിലെ വെട്ടം തടത്തില്‍ ടി.ജി.മാണിയുടെ വീട്ടിലാണ് വീണ്ടും പുലി ആക്രമണം നടത്തിയത്.

പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് പുലി എത്തിയത്. പുലി പതുങ്ങി അടുക്കള ഭാഗത്തേക്കു വരുന്നതു ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്നു കോഴിക്കൂടിനു സമീപം അല്പം സമയം ചുറ്റിത്തിരിഞ്ഞു. തുടര്‍ന്നു കോഴികള്‍ ഇരിക്കുന്ന മരക്കൊമ്പിലേക്കായി നോട്ടം. അല്പസമയം ഇവിടെ വീക്ഷിച്ചു കോഴികള്‍ മരക്കൊമ്പുകളില്‍ ഇരിക്കുന്നത് കണ്ടെത്തിയ ശേഷം താഴെ നിന്ന് അതിവേഗം പുലി മരക്കൊമ്പിലേക്ക് ചാടിക്കയറി.

കോഴികള്‍ കൊക്കി ബഹളം കൂട്ടിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു കോഴിയെ കടിച്ചെടുത്ത പുലി താഴേക്കു ചാടി ഓടിമറയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. കോഴിയെ പിടിക്കാന്‍ പുലി വീണ്ടുമെത്തിയതോടെ മാണിയുടെ വീട്ടുകാരും നാട്ടുകാരുമൊക്കെ കടുത്ത ഭീതിയിലാണ്. പുലി ഈ പ്രദേശത്തുതന്നെ തമ്പടിച്ചിരിക്കുകയാണെന്നാണ് മൂന്നു ദിവസത്തിനുള്ളില്‍ വീണ്ടും പുലി എത്തിയതില്‍നിന്നു വ്യക്തമാകുന്നതെന്നു നാട്ടുകാര്‍ പറയുന്നു. സന്ധ്യയായിക്കഴിഞ്ഞാല്‍ വീടിനു പുറത്തിറങ്ങാന്‍ തന്നെ ഭയക്കുകയാണ് നാട്ടുകാര്‍.

കോഴിയുടെ രുചി പിടിച്ചതിനാല്‍ പുലി വീണ്ടും എത്തുമെന്ന ഭയത്തിലാണ് വീട്ടുകാര്‍. എത്രയും വേഗം പുലിയെ പിടിക്കാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ധോണിയില്‍ മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 17 ഇടങ്ങളില്‍ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. അവിടങ്ങളിലെ വളര്‍ത്തു മൃഗങ്ങള്‍ക്കു നേരെ ആക്രമണവും ഉണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button