ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കണം എന്ന അലഹബാദ് ഹൈക്കോടതി നിർദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച ചെയ്യും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ കമ്മീഷൻ തിങ്കളാഴ്ച ചർച്ചയ്ക്ക് വിളിച്ചു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചായിരിക്കും അന്തിമതീരുമാനമെന്ന് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു.
ഒമിക്രോൺ (Omicron) പടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാറ്റി വച്ചു കൂടെ എന്ന് ഇന്നലെയാണ് അലഹബാദ് ഹൈക്കോടതി ചോദിച്ചത്. ഒരു കേസ് പരിഗണിക്കവെ ജസ്റ്റിസ് ശേഖർ കുമാർ യാദവാണ് പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ഇക്കാര്യത്തിൽ ചോദ്യം ഉന്നയിച്ചത്. ജനങ്ങളുടെ ജീവനാണ് പ്രധാനം. ജീവൻ ബാക്കിയുണ്ടെങ്കിലേ മറ്റെന്തിനും പ്രസക്തിയുള്ളു. അതു കൊണ്ട് തെരഞ്ഞെടുപ്പ് മാറ്റി വച്ചു കൂടെ എന്നായിരുന്നു പരാമർശം.
ഉത്തരവ് അല്ലാത്തതുകൊണ്ട് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ഔദ്യോഗികമായി ബാധ്യതയില്ല. എന്നാൽ പശ്ചിമബംഗാളിലെയും തമിഴ്നാട്ടിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പ് സമയത്തായിരുന്നു രാജ്യത്തെ രണ്ടാം തരംഗം. പിന്നീട് മദ്രാസ് ഹൈക്കോടതിയുടെ രോഷം കമ്മീഷനു വലിയ തിരിച്ചടിയായിരുന്നു. കമ്മീഷൻ തന്നെ തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശം ഉന്നത നേതാക്കൾ തന്നെ കാറ്റിൽ പറത്തി. ഈ സാഹചര്യത്തിൽ ഇത്തവണ ശ്രദ്ധയോടെ നീങ്ങാനാണ് തീരുമാനം.
തിങ്കളാഴ്ച ആരോഗ്യ സെക്രട്ടറിയുമായി കമ്മീഷൻ സംസാരിക്കും. ഫെബ്രുവരിയിൽ മൂന്നാം തരംഗത്തിനു സാധ്യത എന്നാണ് കാൺപുർ ഐഐടിയുടെ പഠനവും വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ടു തരംഗങ്ങളെക്കാൾ ശക്തമായിരിക്കും ഇതെന്നും പഠനം പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥതി നേരിട്ടറിയാൻ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണെ കമ്മീഷൻ തിങ്കളാഴ്ച ചർച്ചയ്ക് വിളിച്ചിക്കുന്നത്. ആരോഗ്യമന്തരാലയത്തിൻറെ നിലപാട് തെരഞ്ഞെടുപ്പിന് അനുകൂലമല്ലെങ്ക്കിൽ കമ്മീഷൻ നിയമവിദഗ്ധരുമായും സംസാരിക്കും. വികസന പദ്ധതികളുടെ ഉത്ഘാടനങ്ങൾ എല്ലാം പ്രധാനമന്ത്രിയുടെ റാലികളായി മാറുന്നതാണ് രണ്ടാഴ്ചയായി യുപിയിൽ കാണുന്നത്.
ജനുവരി ഒന്നാം വാരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഈ പരാമർശം. വോട്ടെടുപ്പ് മാറ്റിവയ്ക്കുകയാണെങ്കിൽ രാഷ്ട്രീയപാർട്ടികളുടെ തന്ത്രങ്ങളും മാറ്റി എഴുതേണ്ടി വരും.