തിരുവനന്തപുരം: എന്‍.സി.പി നേതാവിനെതിരെ ഉയര്‍ന്ന പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ കേസെടുത്താല്‍ നിലനില്‍ക്കില്ലെന്ന് നിയമോപദേശം. ക്രിമിനല്‍ കേസെടുക്കാവുന്ന വിഷയങ്ങള്‍ ഫോണ്‍ സംഭാഷണത്തിലില്ലെന്ന് പോലീസിന് പ്രാഥമിക നിയമോപദേശം ലഭിച്ചു. ഇതോടെ വിശദമായ നിയമോപദേശത്തിനായി കാത്തിരിക്കുകയാണ് പോലീസ്.
ഫോണ്‍ വിളിയില്‍ ശശീന്ദ്രനെതിരെ കേസെടുക്കാനാകുമോ എന്ന് പോലീസ് നിയമോപദേശം തേടിയിരുന്നു. പരാതിക്കാരിയുടെ പിതാവുമായി ശശീന്ദ്രന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെ അടിസ്ഥാനമാക്കിയാണ് പോലീസ് നിയമോപദേശം തേടിയത്.
എന്‍സിപി നേതാവും കുണ്ടറയിലെ ഹോട്ടല്‍ ഉടമയുമായ പത്മാകരനെതിരെയാണ് പീഡനശ്രമ കേസ്. പത്മാകരന്‍ നടത്തുന്ന ഹോട്ടലിലെത്തിയ തന്നെ കൈയ്ക്ക് പിടിച്ചുവലിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് സ്ത്രീ കുണ്ടറ പോലീസ് സ്റ്റേഷനില്‍ ജൂണ്‍ 27ന് നല്‍കിയ പരാതി. സ്ത്രീ പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ മന്ത്രി സ്വന്തം ഫോണില്‍ സ്ത്രീയുടെ പിതാവിനെ വിളിച്ച് കേസ് നല്ല രീതിയില്‍ ഒത്തു തീരണം എന്ന് ആവശ്യപ്പെട്ടതായാണ് ആരോപണം.
മന്ത്രി എ.കെ. ശശീന്ദ്രനെതിരെ പുറുത്തുവന്ന ടെലിഫോണ്‍ ശകലത്തിന്റെ പേരില്‍ പ്രതികരിക്കാനില്ലെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. ശശീന്ദ്രനെതിരായ പരാതിയില്‍ മാധ്യമ വാര്‍ത്തകള്‍ക്ക് അപ്പുറം വിശദാംശങ്ങള്‍ അറിയില്ല. വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ശശീന്ദ്രനെതിരായ ആരോപണത്തില്‍ പാര്‍ട്ടിക്ക് മുന്‍പാകെ വിശദാംശങ്ങള്‍ വന്നിട്ടില്ല. അതിനാല്‍ പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. എന്‍സിപി നേതാക്കള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
വിവാദങ്ങള്‍ക്ക് പിന്നാലെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇതിനോടകം രംഗത്ത് വന്നു. രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കു പറയാനുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. വിശദീകരണം മുഖ്യമന്ത്രി ശ്രദ്ധാപൂര്‍വം കേട്ടു. എന്നാല്‍ വിശദീകരണം ബോധ്യപ്പെട്ടോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. അങ്ങോട്ട് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടത്. നിയമസഭാ സമ്മേളനത്തിന് മുന്‍പ് ചില കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്തിയെ കണ്ടതെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.