തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമി ചെയർമാൻ ആയി ഗായകൻ എം.ജി ശ്രീകുമാറിനെ (MG Sreekumar ) നിയമിക്കാനുള്ള തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. ഇടത് (CPM) അനുഭാവികളടക്കം ശ്രീകുമാറിനെ സംഗീത നാടക അക്കാദമി (Kerala Sangeetha Nataka Academy) തലപ്പത്തേക്ക് കൊണ്ടുവരുന്നതിനെതിരെ രംഗത്തെത്തി. ശ്രീകുമാര്‍ ബിജെപി (BJP) അനുഭാവി ആണെന്നും ബിജെപിക്ക് വേണ്ടി വോട്ടു ചോദിച്ച് പ്രചാരണത്തിനിറങ്ങിയ ആളാണെന്നുമാണ് ഇടത് അനുഭാവികളുടെ വിമര്‍ശനം. ഒരേസമയം ഹിന്ദുത്വ ഫാസിസത്തിന് വേണ്ടി ആഹ്വാനം ചെയ്യാനും അതേസമയം, ഇടതുപക്ഷ സഹയാത്രികൻ ആകാനും കഴിയുന്ന പ്രത്യേക പ്രിവിലേജുകൾ ചിലർക്കുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.
കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്കും ഗായകന്‍ എംജി ശ്രീകുമാറിന കേരള സംഗീത നാടക അക്കാദമി ചെയർമാൻ ആയും നിയമിക്കാന്‍ സിപിഎം തീരുമാനിച്ചത്. നടി കെ.പി.എ.സി ലളിതയാണ് നിലവിൽ സംഗീത നാടക അക്കാദമി ചെയർമാൻ. ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തന്നെ ശ്രീകുമാറിനെതിരെയും പാര്‍ട്ടി തീരുമാനത്തിനെതിരെയും വലിയ വിമര്‍ശനമുയര്‍ന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ അടക്കം എം.ജി. ശ്രീകുമാർ ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ചിത്രങ്ങള്‍ നിരത്തിയാണ് ഇടത് അനുഭാവികളുടെ വിമര്‍ശനം. ബിജെപി സംസ്ഥാനം ഭരിക്കണമെന്ന് എംജി ശ്രീകുമാര്‍ പ്രസംഗിച്ചതിന്‍റെ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഘപരിവാര്‍ സഹയാത്രികനായ എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി തലപ്പത്തേക്ക് നിയമിക്കുന്നത് പുനരാലോചിക്കണമെന്നാണ് ഇവരുടെ ആവശ്യം.
സംഗീത നാടക അക്കാദമി ചെയർമാൻ നിയമനത്തിൽ സിപിഎമ്മിനെ പരിഹസിച്ച് വി ടി ബൽറാം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നു. ചലച്ചിത്ര അക്കാദമിയിൽ ജീവനക്കാരായി സിപിഎമ്മുകാരെ പിൻവാതിലിലൂടെ നിയമിക്കുന്നതിന് ശുപാർശ ചെയ്തുകൊണ്ട് അന്ന് ചെയർമാനായിരുന്ന കമൽ പറഞ്ഞത് അത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താനാണെന്നാണ്. എന്ത് നിയമവിരുദ്ധതയും നെറികേടും കാണിച്ചാണെങ്കിലും “ഇടതുപക്ഷ സ്വഭാവം” ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്ന കേരളത്തിലെ സാംസ്ക്കാരിക പ്രമുഖരാരും ആ അഴിമതി നിയമനങ്ങളെ നേരിയ തോതിൽ പോലും എതിർക്കാൻ തയ്യാറായില്ല.
ഇന്ന് കേരള ‘സംഘീത’ നാടക അക്കാദമിയിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങൾ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും “ഇടതുപക്ഷ”ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവൻ സാംസ്ക്കാരിക പരാദ ജീവികളുമാണെന്ന് ബല്‍റാം പരിഹസിച്ചു. അതോ, ഇതു തന്നെയാണോ നിങ്ങളൊക്കെ തലയിലേറ്റിനടക്കുന്ന ഈ “ഇടതുപക്ഷമെന്നും വിടി ബൽറാം ചോദിക്കുന്നു.
സംവിധായകന്‍ ജിയോ ബേബി, മുന്‍ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ തുടങ്ങിയവരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അങ്ങനെ തീവ്രമായ അന്വേഷണത്തിനൊടുവില്‍ ഒരു നാടകക്കാരനെ കിട്ടുകയാണെന്നാണ് ജിയോ ബേബി ഫേസ്ബുക്കില്‍ കുറിച്ചത്. ‘സംഘ് സഹയാത്രികന്‍ എം.ജി ശ്രീകുമാര്‍ ഇടത് സര്‍ക്കാറിന്റെ സംഗീത നാടക അക്കാദമി ചെയര്‍മാനാകും’ എന്നാണ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.