ചെന്നൈ: തൃഷയുൾപ്പെടെയുള്ള നടിമാർക്കെതിരെ നടൻ മൻസൂർ അലി ഖാൻ നടത്തിയ അശ്ലീല പരാമർശങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ ചൂടാറുന്നില്ല. ഈ വിഷയത്തിൽ മൻസൂർ അലി ഖാനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരിക്കുകയാണ്. തനിക്കെതിരെ പ്രതികരണങ്ങളുമായി വന്ന നടൻ ചിരഞ്ജീവി, നടിമാരായ തൃഷ, ഖുശ്ബു എന്നിവർക്കെതിരെ മൻസൂർ അലി ഖാൻ ഹൈക്കോടതിയിൽ സമർപ്പിച്ച മാനനഷ്ടക്കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമർശനം.
തിങ്കളാഴ്ചയാണ് മൻസൂർ അലി ഖാൻ നൽകിയ ഹർജി കോടതി പരിഗണിച്ചത്. ഒരു കോടി രൂപയാണ് ഹർജിയിൽ മൻസൂർ അലി ഖാൻ ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരെ രൂക്ഷവിമർശനമാണ് ജസ്റ്റിസ് എൻ.സതീഷ് കുമാർ ഉന്നയിച്ചത്. മൻസൂർ അലി ഖാനെതിരെ നടി തൃഷ ഹൈക്കോടതിയെ സമീപിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിനേതാക്കളെ പ്രേക്ഷകർ മാതൃകയായി കാണുന്ന സാഹചര്യമുള്ളപ്പോൾ പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് മൻസൂർ അലി ഖാൻ പഠിക്കേണ്ടതുണ്ടെന്ന് കോടതി ശാസിച്ചു.
വിജയ് നായകനായി അഭിനയിച്ച ‘ലിയോ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി തൃഷയ്ക്കെതിരെയാണ് മൻസൂർ അലി ഖാൻ വിവാദ പരാമർശങ്ങൾ നടത്തിയത്. ലിയോയിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചുവെന്നായിരുന്നു നടൻ പറഞ്ഞത്.
തൃഷ തന്നെയാണ് നടനെതിരേ ആദ്യം ശക്തമായി രംഗത്തുവന്നത്. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ മൻസൂർ അലിഖാനെതിരെ സിനിമാലോകത്തുനിന്ന് വ്യാപക പ്രതിഷേധവും ഉയർന്നു.
നടന്മാരായ ചിരഞ്ജീവി, നിതിൻ, സംവിധായകൻ ലോകേഷ് കനകരാജ്, നടി മാളവിക മോഹനൻ, ഗായിക ചിന്മയി തുടങ്ങിയവരും തൃഷയ്ക്ക് പിന്തുണയുമായെത്തിയവരിൽ ഉൾപ്പെടുന്നു. സംഭവത്തിൽ നടൻ മൻസൂർ അലി ഖാനെതിരേ ദേശീയ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. അന്വേഷണം പുരോഗമിക്കവേ നടൻ പോലീസിനുമുന്നിൽ ഖേദപ്രകടനം നടത്തിയിരുന്നു. തൗസന്റ് ലൈറ്റ്‌സ് വനിതാ പോലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരായ മൻസൂർ അലിഖാൻ, നടി തൃഷ അടക്കമുള്ളവരെ ബന്ധപ്പെടുത്തി താൻ നടത്തിയ പരാമർശം അവർക്ക് വേദനയുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്ന് മൊഴി നൽകുകയായിരുന്നു.
ഒരു നടിയെന്നനിലയിൽ താൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് തൃഷയെന്ന് ചോദ്യംചെയ്യലിനുശേഷം മാധ്യമപ്രവർത്തകരോട് മൻസൂർ അലിഖാൻ പ്രതികരിച്ചു. എന്നാൽ ഇതിന് തൊട്ടുപിന്നാലെതന്നെ തൃഷയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നുപറഞ്ഞ് ഇദ്ദേഹം വീണ്ടും രംഗത്തെത്തി. മാപ്പ് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ അതൊരു വലിയ തമാശയാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം.