കൊച്ചി:കളമശ്ശേരിയിലെ സ്ഥാനാർഥിത്വത്തെ ചൊല്ലി മുസ്ലിം ലീഗിൽ പൊട്ടിത്തെറി. ഇത്തവണ മാറ്റി നിർത്തിയ മങ്കടയിലെ സിറ്റിങ് എംഎൽഎ ടി.എ.അഹമ്മദ് കബീർ കളമശ്ശേരിയിൽ സമാന്തര യോഗം വിളിച്ച് ചേർത്തു.
എറണാകുളം ജില്ലാ കമ്മിറ്റിയിലെയും മുസ്ലിം ലീഗിന്റെ പോഷക സംഘടനകളിലേയും ബഹുഭൂരിപക്ഷം ഭാരാവാഹികളും കൺവെൻഷനിൽ പങ്കെടുത്തു.
കളമശ്ശേരി എംഎൽഎ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി.ഇ.അബ്ദുൾ ഗഫൂറിന്റെ സ്ഥാനാർഥിത്വം ഒരു നിലക്കും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇവർക്കുള്ളത്. സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധം വകവെയ്ക്കാതെ ഇബ്രാഹിംകുഞ്ഞിന്റെ മകനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇക്കാര്യമാവശ്യപ്പെട്ട് യോഗം പ്രമേയം പാസാക്കി.സ്ഥിതിഗതികൾ നേത്യത്വത്തെ ധരിപ്പിയ്ക്കുന്നതിനായി പ്രതിനിധി സംഘം പാണാക്കാട്ടേയ്ക്ക് പോയി.
മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയിലെ പ്രസിഡന്റ് ഉൾപ്പെടെ ബഹുഭൂരിഭാഗം പേരും അഹമ്മദ് കബീറിനെ പിന്തുണച്ചുകൊണ്ട് രംഗത്തുണ്ട്. കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിനെയോ മകൻ അബ്ദുൾ ഗഫൂറിനെയോ സ്ഥാനാർഥിയാക്കരുതെന്ന് അവർ ലീഗ് നേതൃത്വത്തെ പാണക്കാട് ചെന്ന് കണ്ട് ആവശ്യപ്പെട്ടിരുന്നു.അത് നിരാകരിക്കപ്പെട്ടതിൽ നേതാക്കളും പ്രവർത്തകരും അസംതൃപ്തരാണ്. അവർ കളമശ്ശേരിയിൽ സ്ഥാനാർഥിയാകാൻ അഹമ്മദ് കബീറിനെ നിർബന്ധിച്ചുകൊണ്ടിരിക്കുകയാണ്.
മങ്കടയിൽ രണ്ടു തവണ എം.എൽ.എ.യായ താൻ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിൽ പ്രവർത്തനങ്ങൾ നീക്കിയിരുന്നതായി അഹമ്മദ് കബിർ പ്രതികരിച്ചു. അവിടെ നിന്ന് തന്നെ ഒഴിവാക്കേണ്ട ഒരു സാഹചര്യവുമില്ല.
അത് അപമാനിക്കലാണ്. അതിനു പകരമായി ജന്മനാടായ കളമശ്ശേരിയിൽ തന്നെ പരിഗണിക്കണമെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റിനോടും നേതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല തീരുമാനം പാർട്ടിയിൽനിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഹമ്മദ് കബീർ പറയുന്നു.