തിരുവനന്തപുരം: മുസ്ലിം ലീഗ് മതിൽ ചാടാൻ മുട്ടിനിൽക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ലീഗ് മറുകണ്ടം ചാടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കണ്ടല ബാങ്ക് തട്ടിപ്പിൽ മുൻ പ്രസിഡന്‍റ് ഭാസുരാംഗന് മാത്രമല്ല ഒരു മന്ത്രിക്കും പങ്കുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പു വരെ അവർ കാത്തിരിക്കേണ്ടി വരും. തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്ക് ലീഗിന് ചാടാതിരിക്കാൻ സാധിക്കില്ല. തെരഞ്ഞെടുപ്പു കഴിയുമ്പോൾ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാൻ വൻ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരും. അതുകഴിയുമ്പോൾ ലീഗ് ചാടും. ലോക്സഭ വരെ കാത്തിരിക്കുകയല്ലാതെ അവർക്കു വേറെ വഴിയില്ല. ലീഗ് വേലിചാടുമെന്ന കാര്യത്തിൽ സംശയമില്ല. കുഞ്ഞാലിക്കുട്ടി ഇങ്ങനെ കളിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കണ്ടല ബാങ്കിലെ ഇഡി നടപടിയെക്കുറിച്ച് പ്രതികരിച്ച കെ സുരേന്ദ്രൻ സഹകരണ ബാങ്കിലെ തട്ടിപ്പ് പണം സംസ്ഥാനത്തെ ഒരു മന്ത്രിക്ക് ലഭിച്ചിട്ടുണ്ടെന്നുള്ളത് ഉറപ്പാണെന്നും പറഞ്ഞു. സിപിഐയുടെ ഒരു ഉന്നത നേതാവിന് മാസം തോറും കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് ഒരു പ്രത്യേകം തുക അനുവദിച്ചതായും അറിയാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത് ഭാസുരാംഗന്‍ മാത്രം നടത്തിയിട്ടുള്ള തട്ടിപ്പല്ല. മന്ത്രിസഭാംഗങ്ങളും സിപിഐയുടെ ഉന്നതനേതാക്കന്മാരുമൊക്കെ അറിഞ്ഞു കൊണ്ടു നടത്തിയ തട്ടിപ്പാണെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.
കേന്ദ്രത്തിനെതിരായ ധനമന്ത്രിയുടെ വിമർശനത്തെക്കുറിച്ചും കെ സുരേന്ദ്രൻ സംസാരിച്ചു. കേരളത്തിന് എത്ര തുകയാണ് കേന്ദ്രം നൽകാനുള്ളതെന്നതു സംബന്ധിച്ച് കെ ബാലഗോപാൽ നിർമല സീതാരാമന് നൽകിയിട്ടുള്ള കത്തിൽ സൂചിപ്പിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രത്തിന് ഒരു സംസ്ഥാനത്തിന്‍റെയും പണം പിടിച്ചു വയ്ക്കാൻ സാധിക്കില്ല. ഈ പണം ധനകാര്യമന്ത്രി ബാഗിൽനിന്ന് എടുത്തു കൊടുക്കുന്നതല്ല. അതിന് ഉത്തരവാദിത്തപ്പെട്ട ഏജൻസികളുണ്ട്. മാനദണ്ഡങ്ങൾക്കനുസരിച്ച് കേന്ദ്രം തുക നൽകുന്നുണ്ട്. കിട്ടുന്നില്ല എന്നു പറയുന്നത് ധൂർത്ത് മറച്ചു വയ്ക്കാൻ പറയുന്നതാണ്’ കെ സുരേന്ദ്രൻ പറഞ്ഞു.