KeralaNews

ലീഗ് കൗണ്‍സിലറുടെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

മലപ്പുറം: മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നെല്ലിക്കുത്ത് സ്വദേശി ഷംസീറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതി മജീദ് ഇന്നലെത്തന്നെ പിടിയിലായിരുന്നു. മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. മജീദും ഷുഹൈബുമാണ് അബ്ദുള്‍ ജലീലിനെ വാഹനത്തെ പിന്തുടര്‍ന്ന് ആക്രമിച്ചത്.

അബ്ദുല്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങള്‍ ഉപയോഗിച്ചാണെന്ന് കൂടെയുള്ളവര്‍ മൊഴി നല്‍കിയിരുന്നു. വാഹനത്തിന് സൈഡ് നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

തര്‍ക്കം കാറിന്റെ ലൈറ്റ് അണയ്ക്കാത്തതിനെ തുടര്‍ന്നുണ്ടായതെന്നാണ് ജലീലിന് ഒപ്പമുണ്ടായിരുന്നവര്‍ വ്യക്തമാക്കുന്നത്. ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ഹെല്‍മറ്റുപയോ?ഗിച്ചാണ് കാറിന്റെ ചില്ല് തകര്‍ത്തതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. അബ്ദുല്‍ ജലീലിന്റെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് നടക്കുന്നത്.

പാലക്കാട് ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തുമ്പോഴാണ് ജലീല്‍ കൊല്ലപ്പെടുന്നത്. ഇവിടെ വച്ചുണ്ടായ ഏന്തെങ്കിലും തര്‍ക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചയും ആക്രമണവും തമ്മില്‍ ബന്ധമില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഇന്നലെ അര്‍ധരാത്രിയാണ് കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ജലീല്‍ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും നേരത്തേ കൗണ്‍സിലറായിരുന്നു. ജലീലിന്റെ നിര്യാണത്തെ തുടര്‍ന്ന് നഗരസഭയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button