തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണ അട്ടിമറിയാണ് ബിജെപി സ്വപ്നം കാണുന്നത്. തൃശൂരും തിരുവനന്തപുരവുമടക്കമുള്ള സീറ്റുകളിൽ വലിയ പ്രതീക്ഷയാണ് ബിജെപി പുലർത്തുന്നത്. കൂറ്റൻ മുന്നേറ്റം സ്വപ്നം കണ്ടുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും സംസ്ഥാനത്ത് ബിജെപി തുടക്കം കുറിച്ച് കഴിഞ്ഞു.
27 മുതൽ പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പദയാത്രയ്ക്കും തയ്യാറെടുക്കുകയാണ് പാർട്ടി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,സീതാരാമൻ, രാജ് നാഥ് സിംഗ് അടക്കമുള്ളവർ യാത്രയുടെ ഭാഗമാകും. യാത്രയുടെ സമാപന സമ്മേളന വേദി രാഷ്ട്രീയ കേരളത്തിലെ ഭൂകമ്പമാവുമെന്ന് പറയുകയാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
യാത്രക്ക് പിന്നാലെ നിരവധി നേതാക്കൾ മാത്രമല്ല ചില പാർട്ടികൾ തന്നെ ബിജെപിയിലേക്ക് വന്നേക്കുമെന്ന് സുരേന്ദ്രൻ പറയുന്നു. നരേന്ദ്ര മോദി രണ്ട് തവണ മാത്രമാണ് തൃശൂരിൽ എത്തിയത്. അപ്പോൾ തന്നെ പ്രതീക്ഷിക്കാത്ത പലരും പാർട്ടിയിൽ എത്തി. അതുപോലെ ഇനി നേതാക്കൾ ബി ജെ പിയിലേക്ക് ഒഴുകും’, സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ തൃശൂർ എന്നത് ബി ജെ പി ജയിക്കുന്ന മണ്ഡലമാണെന്നും അതുപോലെ പല മണ്ഡലങ്ങളിലും ബി ജെ പിക്ക് വിജയ പ്രതീക്ഷ ഉണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് മോദിജി മത്സരിക്കണമെന്ന് ആഗ്രഹിക്കാത്തവർ ആരെങ്കിലുമുണ്ടോയെന്നായിരുന്നു മറുപടി.
സംസ്ഥാന ബി ജെ പിയും മലയാളികളും അദ്ദേഹം കേരളത്തിൽ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ പാർട്ടി അഖിലേന്ത്യ നേതൃത്വമാണ് അക്കാര്യം തീരുമാനിക്കേണ്ടത്. താൻ മത്സരിക്കണമോയെന്ന കാര്യത്തിൽ പാർട്ടി നേതൃത്വമാണ് തീരുമാനിക്കുക. സംഘടനാപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതിനാൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും എന്നാൽ പാർട്ടി പറഞ്ഞാൽ തീരുമാനം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ യു ഡി എഫും കോൺഗ്രസും തമ്മിലുള്ള അന്തർധാര സജീവമാണെന്നും സുരേന്ദ്രൻ വിമർശിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി എത്തിയത് സംബന്ധിച്ച പ്രതിപക്ഷ വിമർശനങ്ങളോടും സുരേന്ദ്രൻ പ്രതികരിച്ചു. ‘കേരളത്തിലെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയതിൽ എന്ത് അപാകതയാണുള്ളത്? പിണറായിയുടെ മുമ്പിൽ മോദിയല്ല, മോദിയുടെ മുമ്പിൽ പിണറായിയല്ലേ കുമ്പിട്ടുനിന്നത്. ഉപ്പുതിന്നവർ എന്നായാലും വെള്ളം കുടിക്കുമെന്നു മാത്രമാണ് ഇക്കാര്യത്തിൽ പറയാനുള്ളത്’, സുരേന്ദ്രൻ പറഞ്ഞു.