സഞ്ജയ്, വൈ.എസ്.ആർ, ഖണ്ഡു… ഇപ്പോൾ അജിത് പവാറും; ആകാശദുരന്തം കവർന്ന രാഷ്ട്രീയ അതികായന്മാർ

സഞ്ജയ്, വൈ.എസ്.ആർ, ഖണ്ഡു... ഇപ്പോൾ അജിത് പവാറും; ആകാശദുരന്തത്തിൽ മരിച്ച രാഷ്ട്രീയ അതികായന്മാർ

അജിത് അനന്ത്‌റാവു പവാർ എന്ന അജിത് പവാറിനെ അദ്ദേഹത്തിന്റെ അനുയായികൾ ‘ദാദ’ എന്നായിരുന്നു സ്‌നേഹപൂർവം വിളിച്ചിരുന്നത്. പിതൃസഹോദരനും എൻസിപി അതികായനുമായ ശരദ് പവാറിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലെത്തിയ അജിത്, മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ വലിയ ചില പൊളിച്ചെഴുതലുകൾക്ക് കാരണക്കാരനാവുകയും ചെയ്തു. എൻസിപി പിളർത്തി എൻഡിഎയ്‌ക്കൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായതുമുതൽ പല ചടുലനീക്കങ്ങളും അജിത് പവാർ രാഷ്ട്രീയ ജീവിതത്തിൽ നടത്തിയിട്ടുണ്ട്.

ബുധനാഴ്ച, ബാരാമതിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകവേയാണ് അജിത് പവാർ വിമാനാപകടത്തിൽ മരിച്ചത്. ബാരാമതി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിനിടെയായിരുന്നു ദുരന്തം. പവാർകുടുംബത്തിന്റെ ശക്തിദുർഗമായി വിശേഷിപ്പിക്കപ്പെടുന്നിടം കൂടിയാണ് ബാരാമതി. അവിടുത്തെ മണ്ണിലാണ് അജിത്തിന്റെ ജീവൻ പൊലിഞ്ഞതും.

സഞ്ജയ് ഗാന്ധി, മാധവ് റാവു സിന്ധ്യ, ജിഎംസി ബാലയോഗി, വൈഎം രാജശേഖര റെഡ്ഡി എന്നിങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിലെ തലപ്പൊക്കമുള്ള പല നേതാക്കൾക്കും ആകാശദുരന്തങ്ങളിലാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. ഇക്കൂട്ടത്തിലേക്ക് ചേരുകയാണ് ഇപ്പോൾ അജിത് പവാറിന്റെ പേരും.

കോൺഗ്രസ് നേതാവും ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മകനുമായ സഞ്ജയ് ഗാന്ധി 1980 ജൂൺ 23-നാണ് വിമാനാപകടത്തിൽ മരിച്ചത്. സഫ്ദർജങ് വിമാനത്താവളത്തിന് സമീപം ഡൽഹി ഫ്‌ലൈിങ് ക്ലബ്ലിൽ അഭ്യാസപ്രകടനങ്ങൾക്ക് ശ്രമിക്കവേയാണ് അദ്ദേഹത്തിന്റെ ചെറുവിമാനം തകർന്നുവീണത്.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ സിവിൽ ഏവിയേഷൻ മന്ത്രിയുമായിരുന്ന മാധവ് റാവു സിന്ധ്യ, 2001 സെപ്റ്റംബർ മുപ്പതിനാണ് വിമാനാപകടത്തിൽ മരിച്ചത്. ഉത്തർപ്രദേശിലെ കാൺപുരിലേക്ക് രാഷ്ട്രീയ റാലിയിൽ പങ്കെടുക്കാൻ പോകവേ ആയിരുന്നു അപകടം. പത്തുപേർക്ക് സഞ്ചരിക്കാനാവുന്ന സ്വകാര്യ ചെറുവിമാനം മോശം കാലാവസ്ഥയെ തുടർന്നാണ് മേയിൻപുരിക്ക് സമീപത്തുവെച്ച് തകർന്നുവീണത്. നിലവിലെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവാണ് മാധവ് റാവു സിന്ധ്യ.

ലോക്‌സഭാ സ്പീക്കറും ടിഡിപി നേതാവുമായിരുന്ന ജിഎംസി ബാലയോഗിയും വിമാനാപകടത്തിലാണ് മരിച്ചത്. 2002 മാർച്ച് മൂന്നിനായിരുന്നു അപകടം. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ഭിമാവരത്തുനിന്ന് അദ്ദേഹവുമായി പുറപ്പെട്ട സ്വകാര്യ ഹെലികോപ്റ്റർ കൃഷ്ണ ജില്ലയിലെ കൈകാലുരിന് സമീപത്ത് തകർന്നുവീഴുകയായിരുന്നു.

മേഘാലയയുടെ ഗ്രാമവികസന വകുപ്പുമന്ത്രിയായിരുന്ന സി. സാങ്മ 2004 സെപ്റ്റംബർ 22-നുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് കൊല്ലപ്പെട്ടത്. പവൻ ഹംസ് ഹെലികോപ്ടറിൽ അദ്ദേഹത്തെ കൂടാതെ വേറെ ഒൻപതുപേർ കൂടിയുണ്ടായിരുന്നു. ഗുവാവത്തിയിൽനിന്ന് ഷില്ലോങ്ങിലേക്കുള്ള യാത്രയ്ക്കിടെ ബാരാപാനി തടാകത്തിന് സമീപമാണ് ഹെലിക്കോപ്ടർ തടർന്നുവീണത്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിപദത്തിലിരിക്കേയാണ് വൈ.എസ്. രാജശേഖര റെഡ്ഡി ഹെലികോപ്ടർ അപകടത്തിൽ മരിച്ചത്. 2009 സെപ്റ്റംബർ രണ്ടാം തീയതിയായിരുന്നു അപകടം. മോശം കാലാവസ്ഥയെ തുടർന്ന് നല്ലമല വനത്തിന് സമീപമാണ് അദ്ദേഹത്തിന്റെ ബെൽ 430 ഹെലികോപ്ടർ തകർന്നുവീണത്.

അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായിരിക്കേയാണ് ദോർജി ഖണ്ഡു, 2011 ഏപ്രിൽ 30-ന് ഹെലികോപ്ടർ അപകടത്തിൽ മരിച്ചത്. ഖണ്ഡുവിനെ കൂടാതെ മറ്റ് നാലുപേർകൂടി ഹെലികോപ്ടറിലുണ്ടായിരുന്നു. തവാങ്ങിൽനിന്ന് അരുണാചൽ തലസ്ഥാനമായ ഇറ്റാനഗറിലേക്ക് പോകവേയാണ് കമേങ് ജില്ലയിൽവെച്ച് ഖണ്ഡു സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണത്.

2025 ജൂൺ 12-ന് ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യാ വിമാനാപകടത്തിലാണ് ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി കൊല്ലപ്പെട്ടത്. സർദാർ വല്ലഭ് ഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന വിമാനത്തിലെ 242 യാത്രക്കാരിൽ ഒരാളായിരുന്നു രൂപാണിയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News