കോട്ടയം:പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധു മോള്‍ ജേക്കബ് സിപിഐഎം പുറത്താക്കി.അംഗത്വം രാജി വെച്ച് കേരള കോണ്‍ഗ്രസില്‍ ചേരുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.*പിറവത്തെ കേരള കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ സി പി എം പുറത്താക്കി.സി പി എം ഉഴവൂർ നോർത്ത് ബ്രാഞ്ചംഗമായിരുന്നു സിന്ധു മോൾ ജേക്കബ്.
നിലവില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് സിന്ധു.
‘പിറവം പേയ്‌മെന്റ് സീറ്റല്ല. സീറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പാര്‍ട്ടി പരിഹരിക്കും. വളരെ അപ്രതീക്ഷിതമാണ് പിറവത്തെ സ്ഥാനാര്‍ത്ഥിത്വം.’ സിന്ധു പ്രതികരിച്ചു. സിന്ധുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം രാജിവെച്ചിരുന്നു.
കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ജില്‍സിന്റെ രാജി. പണവും ജാതിയും നോക്കിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്നും പിറവം സീറ്റ് ജോസ് കെ മാണി വിറ്റുവെന്നുമായിരുന്നു ജില്‍സിന്റെ ആരോപണം. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് ജില്‍സ്. ആദ്യഘട്ടത്തില് സ്ഥാനാര്‍ത്ഥി പരിഗണന പട്ടികയില്‍ ജില്‍സിന്റെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ അന്തിമ പട്ടിക പുറത്ത് വന്നപ്പോള്‍ സിന്ധു മോള്‍ ജേക്കബിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസവമാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത്. കുറ്റ്യാടി ഒഴികെ 12 സീറ്റുകളിലേക്ക് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടി സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. നാല് ദിവസം മുമ്പ് കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസിലേക്ക് ചേര്‍ന്ന ഡെന്നീസ് കെ ആന്റണിയെ ഉള്‍പ്പെടുത്തികൊണ്ടാണ് പുതിയ സ്ഥാനാര്‍ത്ഥി പട്ടിക.