തൃപ്പുണിത്തുറയിൽ സൗമിനി ജെയിൻ, നേമത്ത് കെ.മുരളീധരൻ കെ.ബാബുവിനും കെ.സി.ജോസഫിനും സീറ്റില്ല, കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക മാറിമറിയുന്നു
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ അന്തിമ സ്ഥാനാർഥി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും. ബി.ജെ.പി ശക്തമായ സാന്നിദ്ധ്യമായ നേമത്ത് കരുത്തനായ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നത് കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ വലയ്ക്കുകയാണ്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങി ഒന്നാം നിര നേതാക്കൾ നേമത്തുനിന്ന് ജനവിധി തേടണമെന്ന ആവശ്യമാണ് സ്ക്രീനിംഗ് കമ്മിറ്റിയിൽ ഉയർന്നത്.
എന്നാൽ ഉമ്മൻ ചാണ്ടിയേക്കാൾ വിജയ സാധ്യത കെ.മുരളീധരൻ എം.പിയ്ക്കാണെന്ന് നേമത്ത് കെ.മുരളീധരൻ മത്സരിക്കാനുളള സാധ്യതയേറി. സ്ഥാനാർഥി ആകുന്നതിനൊപ്പം പ്രചാരണസമിതി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് കെ.മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചു.
കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി യോഗം ബുധനാഴ്ച രാത്രി ഏറെ വൈകിയും നടത്തിയിരുന്നു. സാധ്യതാപട്ടിക ചുരുക്കാനുളള കഠിനപ്രയത്നത്തിലായിരുന്നു നേതാക്കൾ. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നടന്ന ചർച്ചയിൽ സാധ്യതാ പട്ടിക വിശദമായി ചർച്ച ചെയ്യുകയും ഓരോ മണ്ഡലത്തിലുമായി നിർദേശിക്കപ്പെട്ട പേരുകൾ ഒന്നോ രണ്ടോ ആയി ചുരുക്കാനുളള ശ്രമങ്ങളുമാണ് നടന്നത്. ഇന്ന് രാവിലെ സ്ക്രീനിങ് കമ്മിറ്റി യോഗം ചേരും. തുടർന്ന് ഇന്നുതന്നെ സ്ഥാനാർഥി പട്ടിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.
ബി.ജെ.പി. ശക്തിപ്രാപിച്ച തിരുവനന്തപുരത്തെ നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ സ്ഥാനാർഥിനിർണയം കീറാമുട്ടിയായിരിക്കുകയാണ്. എം.പി.മാർ മത്സരിക്കേണ്ടെന്ന മുൻ നിലപാടിൽനിന്നുമാറി നേമത്ത് കെ. മുരളീധരനെ മത്സരിപ്പിക്കാൻ ശ്രമംനടക്കുന്നുണ്ട്. കെ.മുരളീധരന് ജയസാധ്യത കൂടുതൽ ഉളള നേമത്ത് രമേശ് ചെന്നിത്തലയോ, ഉമ്മൻചാണ്ടിയോ സ്ഥാനാർഥി ആയാൽ വിജയിക്കുക എളുപ്പമല്ലെന്നും ചർച്ചകൾ ഉയർന്നിരുന്നു. കഴിഞ്ഞതവണ ഒ. രാജഗോപാൽ ജയിച്ച മണ്ഡലത്തിൽ കെ.മുരളീധരനെ കൊണ്ടുവരുന്നത് ബി.ജെ.പി.യെ പ്രതിരോധിക്കുന്നത് സി.പി.എം. ആണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
കേരളത്തിന്റെ ചുമതലയുളള ജനറൽ സെക്രട്ടറി താരിഖ് അൻവർ അടക്കമുളള നേതാക്കളുമായി കെ.മുരളീധരൻ കൂടിക്കാഴ്ച നടത്തി. മത്സരിക്കുന്നതിനൊപ്പം പ്രചാരണസമിതി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന നിലപാട് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചു.
90-92 സീറ്റുകളിലായിരിക്കും കോൺഗ്രസ് ഇത്തവണ മത്സരിക്കുക. ഇതിൽ ആലപ്പുഴ, ധർമടം, മലമ്പുഴ തുടങ്ങി മത്സരിക്കുന്ന 26 സീറ്റുകളിൽ ജയസാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ. കെ.സി.ജോസഫ്, ജോസഫ് വാഴയ്ക്കൻ, കെ.ബാബു എന്നിവരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തർക്കം നിലനിൽക്കുകയാണ്.
കെ.സി.ജോസഫിനെ മത്സരിപ്പിക്കാനാവില്ലെന്ന നിലപാടിൽ ഹൈക്കമാൻഡും എം.പിമാരും ഉറച്ചുനിൽക്കുകയാണ്. അതേസമയം തൃപ്പൂണിത്തുറയിൽ കെ.ബാബുവിന് പകരം സൗമിനി ജെയിനെ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
ഇത്തവണ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന ശൈലിയിലും മാറ്റമുണ്ടാകും. വാർത്താകുറിപ്പിന് പകരം നേതാക്കൾ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത. എ.ഐ.സി.സി സർവെയിൽ ഉയർന്ന റാങ്ക് ലഭിച്ച മാത്യു കുഴൽ നാടൻ മൂവാറ്റുപുഴയിൽ മത്സരിയ്ക്കും. അങ്ങനെ വന്നാൽ ജോസഫ് വാഴയ്ക്കൻ തൃക്കാക്കരയിലും പി.ടി.തോമസ് ഇടുക്കി പീരുമേട്ടിലും ജനവിധി തേടിയേക്കും