തിരുവനന്തപുരം: ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ക്ഷേമ പദ്ധതികള്‍ക്ക് ഒപ്പം വികസന തുടര്‍ച്ചയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനമാകും പ്രകടന പത്രികയിലുണ്ടാവുക. പ്രകട പത്രിക തയാറാക്കുന്നതിനായി നിയോഗിച്ച സമിതിയുടെ യോഗം ഇന്ന് രാവിലെ 10 മണിക്ക് എകെജി സെന്ററില്‍ ചേരും.
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് ഇടത് മുന്നണി തെരഞ്ഞടുപ്പിനെ നേരിടുക. അതിനാല്‍ തന്നെ ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രഖ്യാപനമായിരിക്കും ഉണ്ടാവുക. സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയുണ്ടാകുമെന്നതാകും പ്രധാന വാഗ്ദാനം.
അടിസ്ഥാന സൗകര്യങ്ങളുടേതില്‍ അടക്കമുള്ള വികസന കുതിപ്പാകും മുന്നോട്ടുവയ്ക്കുക. ഇന്നത്തെ ഉപസമിതി യോഗത്തിന് ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക.
കഴിഞ്ഞ പ്രകടന പത്രികയിലെ അറുനൂറു വാഗ്ദാനങ്ങളില്‍ അഞ്ഞൂറ്റിഎഴുപതും പാലിച്ചുവെന്ന അവകാശവാദത്തോടെയാണ് പുതിയ പത്രിക പുറത്തിറക്കുന്നത്. നാളെ മുതലാണ് മുഖ്യമന്ത്രി പിണറായി വിജയയന്റെ സംസ്ഥാനതല പ്രചാരണം. ഒരു ദിവസം ഒരു ജില്ലയില്‍ എന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പ്രചാരണം.
ആരോഗ്യ മന്ത്രി കെ കെ ശൈലജയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദനുമടക്കമുള്ളവര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ആള്‍ക്കൂട്ടം ഒഴിവാക്കിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് എത്തുക. കണ്ണൂര്‍ ജില്ലയിലെ എട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.