ഒരു വോട്ട് അസാധു, 25വർഷത്തിന് ശേഷം മൂപ്പൈനാട് പിടിച്ചെടുത്തിട്ടും ഭരിക്കാൻ യോഗമില്ലാതെ LDF

വയനാട്: മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാടകീയമായ സംഭവവികാസങ്ങൾക്കൊടുവിൽ യുഡിഎഫിന് അപ്രതീക്ഷിത വിജയം. വോട്ടെടുപ്പിലെ അട്ടിമറിയും നറുക്കെടുപ്പും വഴി യുഡിഎഫിലെ സി.വി. സുധ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

പഞ്ചായത്ത് ഭരണസമിതിയിലെ എൽഡിഎഫ്-ഒമ്പത്, യുഡിഎഫ്-എട്ട് എന്നിങ്ങനെയുള്ള കക്ഷിനില അനുസരിച്ച് ഇടതുപക്ഷത്തിനായിരുന്നു മുൻതൂക്കം. ഒമ്പത് വോട്ടുകൾ ലഭിക്കേണ്ടിയിരുന്ന എൽഡിഎഫ് സ്ഥാനാർഥി വി. കേശവന് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ലഭിച്ചത് എട്ട് വോട്ടുകൾ മാത്രമാണ്. എൽഡിഎഫിലെ ഒമ്പതാം വാർഡ് മെമ്പറുടെ വോട്ട് അസാധുവായതാണ് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായത്. ഇതോടെ ഇരുമുന്നണികൾക്കും എട്ട് വീതം വോട്ടുകൾ ലഭിക്കുകയും മത്സരം തുല്യനിലയിലാവുകയും ചെയ്തു.

വോട്ടുനില തുല്യമായതിനെത്തുടർന്ന് വിജയിയെ കണ്ടെത്താനായി അധികൃതർ നറുക്കെടുപ്പ് നടത്തി. നറുക്കെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ സി.വി. സുധ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. കഴിഞ്ഞ 25 വർഷമായി യുഡിഎഫ് ഭരിക്കുന്ന മൂപ്പൈനാട് പഞ്ചായത്തിൽ ഇത്തവണ ഭരണം പിടിച്ചെടുക്കാമെന്ന എൽഡിഎഫിന്റെ പ്രതീക്ഷകളാണ് ഇതോടെ അവസാനിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News