തൃശൂര്‍: തൃശൂര്‍ നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ മുന്നേറുന്നു. വോട്ടെണ്ണല്‍ ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയേയും യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിനേയും പിന്നിലാക്കിക്കൊണ്ടാണ് എല്‍ഡിഎഫിന്റെ മുന്നേറ്റം. നിലവില്‍ 904 വോട്ടിന് മുന്നിലാണ് പി ബാലചന്ദ്രന്‍. നിലവില്‍ ലീഡ് നിലയില്‍ തൃശ്ശൂര്‍ ജില്ലയിലെ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് ആണ് മുന്നേറുന്നത്.
പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ ലീഡ് ഉയര്‍ത്തി. കാപ്പന്റെ ലീഡ് 5,000 കടന്നു. ഇടതുപക്ഷ സ്വാധീന മേഖലകളില്‍ കാപ്പന്‍ മുന്നേറ്റം നടത്തിയതാണ് ജോസ് കെ. മാണിക്ക് തിരിച്ചടിയായത്. വോട്ടെണ്ണി ആദ്യ മണിക്കൂറില്‍ ജോസ് കെ. മാണി മുന്നില്‍ വന്നെങ്കിലും കാപ്പന്‍ നാടകീയമായി മുന്നേറുകയാണ്.
ഉടുമ്പന്‍ചോലയില്‍ എം.എം. മണിയുടെ ലീഡ് പതിനായിരം കടന്നു. നിലവില്‍ അദ്ദേഹം 13,701 വോട്ടിന്റെ ലീഡാണ് നേടിയിരിക്കുന്നത്. യുഡിഎഫിന്റെ ഇ.എം. അഗസ്തിയെ പിന്നിലാക്കിയാണ് മുന്നേറ്റം. ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണല്‍ ആരംഭിച്ച് രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 92 നിയോജകമണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. 46 മണ്ഡലങ്ങളില്‍ യുഡിഎഫും രണ്ട് മണ്ഡലങ്ങളില്‍ എന്‍ഡിഎയും മുന്നേറുന്നു.