FeaturedHome-bannerKeralaNews

ജനുവരി 9 ന്‌ ഇടുക്കിയിൽ ഹർത്താൽ

തൊടുപുഴ: നിയമസഭ ഏകകണ്‌ഠമായി പാസാക്കി ഗവർണർക്കു നൽകിയ 1960ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെ ജനുവരി 9 ചൊവ്വാഴ്ച ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.

9നു തീരുമാനിച്ച രാജ്ഭവൻ മാർച്ചിന്റെ അന്നുതന്നെ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് തീയതി നൽകിയ ഗവർണറുടെ നടപടിയിലും പ്രതിഷേധിച്ചാണ് ജില്ലാ ഹർത്താൽ.

ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിന്റെ ഉദ്ഘാടനത്തിനായാണ് ഗവർണർ തൊടുപുഴയില്‍ എത്താമെന്ന് അറിയിച്ചത്. എന്നാൽ രാജ്ഭവൻ മാർച്ചിനിടെ പരിപാടിയിൽ പങ്കെടുക്കുന്ന ഗവർണറുടെയും ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും നടപടി പ്രതിഷേധാര്‍ഹമാണെന്ന് എൽഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഇരുകൂട്ടരും അവരുടെ തീരുമാനം പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി എം.എം.മണി എം.എല്‍.എ രംഗത്തെത്തിയിരുന്നു. എൽഡിഎഫ് പൊതുയോഗത്തിലായിരുന്നു മണിയുടെ പദപ്രയോഗം. ഗവർണർ എത്തുന്ന ദിവസം ജില്ല പ്രവർത്തിക്കാതിരുന്നാൽ പോരേ എന്നും അക്കാര്യം എൽഡിഎഫ് ആലോചിക്കണമെന്നും മണി പറഞ്ഞു.

ഭൂനിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ 9ന് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്താനിരിക്കെയാണ് അതേദിവസം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ ജില്ലയിലേക്കെത്തുന്നത്.

‘9ലെ പരിപാടിയിൽ പ്രസംഗിക്കാൻ ആരും കാണരുത്. നമുക്കിട്ട് പണിതുകൊണ്ടിരിക്കുകയാണ് ഗവർണർ. ഗവർണറെ പിടിച്ച് ഇവിടെ കൊണ്ടുവന്ന് പൊന്നുകൊണ്ട് പുളിശേരി വച്ച് ഊട്ടുകയാണു വ്യാപാരികൾ’– മണി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button