തിരുവനന്തപുരം : മണിപ്പൂർ കലാപത്തിൽ കേരളത്തിൽ മണ്ഡലാടിസ്ഥാനത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കാൻ ഇടത് മുന്നണി തീരുമാനം. എല്ലാ മണ്ഡലങ്ങളിലും ഈ മാസം 27 ന് പ്രതിഷേധ യോഗം സംഘടിപ്പിക്കും. ഓരോ മണ്ഡലത്തിലെയും യോഗത്തിൽ 1000 പേരെയെങ്കിലും പങ്കെടുപ്പിക്കാനാണ് തീരുമാനമെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ തിരുവനന്തപുരത്ത് വിശദീകരിച്ചു.
ഇന്ത്യയെ നാണം കെടുത്തുന്നതാണ് മണിപ്പൂർ കലാപം. മണിപ്പൂരിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ ഇടത് മുന്നണി സേവ് മണിപ്പൂർ ക്യാമ്പെയ്ൻ സംഘടിപ്പിക്കും. രാവിലെ പത്ത് മുതൽ രണ്ട് മണി വരെയാണ് പ്രതിഷേധ യോഗം നടത്തുക. ഓരോ മണ്ഡലത്തിലെയും യോഗത്തിൽ പരമാവധി 1000 പേരെ അണിനിരത്താനാണ് ഇടത് മുന്നണി തീരുമാനമെന്നും ജയരാജൻ വിശദീകരിച്ചു.
നിലവിലെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഏക സിവിൽ കോഡിനെ കേന്ദ്രം ആയുധമാക്കുകയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കപ്പെടണം. ഏക സിവിൽ കോഡിനെതിരെ ഇടത് മുന്നണിയിലെ എല്ലാ പാർട്ടികളും മുന്നിട്ടിറങ്ങി പ്രതിഷേധിക്കും. സർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ നവംബർ 1 മുതൽ 7 വരെ കേരളീയം പ്രചാരണ പരിപാടി സംഘടിപ്പിക്കാനും ഇടത് മുന്നണിയിൽ തീരുമാനമായതായി കൺവീനർ അറിയിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് ഒഴിവു വന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കമ്മീഷൻ പ്രഖ്യാപനത്തിന് ശേഷം ഭാവി പരിപാടികൾ സ്വീകരിക്കുമെന്നും എൽഡിഎഫ് കൺവീനർ വിശദീകരിച്ചു. ഏത് തെരഞ്ഞെടുപ്പിനെ നേരിടാനും ഇടത് മുന്നണി സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.