കൊച്ചി: തൃപ്പൂണിത്തുറയില്‍ ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിച്ചെന്ന് എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റി. 2016നെ അപേക്ഷിച്ച് തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് 6087 വോട്ട് കുറഞ്ഞത് പരാജയകാരണമായെന്ന് അവര്‍ ആരോപിച്ചു.
2016ല്‍ 62,346 വോട്ട് നേടിയ സിപിഐഎം ഇത്തവണ 2,537 വോട്ട് കൂടുതല്‍ നേടിയിരുന്നു. 64000ല്‍ പരം വോട്ടാണ് ഇത്തവണ എം സ്വരാജിന് ലഭിച്ചത്. കെ ബാബുവിന് 7000 വോട്ടിന്റെ വര്‍ധന ഉണ്ടായി. 992 വോട്ടിന്റെ വിജയമാണ് കെ ബാബുവിന് ഉണ്ടായിട്ടുള്ളത്. ബിജെപി യുഡിഎഫിലേക്ക് വോട്ട് മറിച്ചതിന്റെ തെളിവാണിതെന്നും എല്‍ഡിഎഫ് ആരോപിച്ചു.
പ്രചാരണ സമയത്ത് കെ ബാബുവും ഇത്തരത്തിലൊരു വാദവുമായി രംഗത്തെത്തിയിരുന്നു. ബിജെപി വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. സിപിഐഎമ്മിലെ എം സ്വരാജിന്റെ തൃപ്പൂണിത്തുറയിലെ തോല്‍വി അണികളില്‍ നിരാശ ഉണ്ടാക്കിയിരുന്നു. കെ ബാബുവിന് എതിരെ ഉണ്ടായിരുന്ന കേസുകളും വിവാദങ്ങളും ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ല.