കോട്ടയം: തിരഞ്ഞെടുപ്പിൽ ഒരു നാട് ചർച്ച ചെയ്യേണ്ടത് ആ നാടിന്റെ ഭാവിയെക്കുറിച്ചും വർത്തമാനത്തെക്കുറിച്ചുമാണെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. അതിനാലാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങളെക്കുറിച്ചാണെന്ന് തുടക്കത്തിലേ ഇടതുമുന്നണി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കഴിഞ്ഞ 53 വർഷം കൊണ്ട് പുതുപ്പള്ളിയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് വികസന സംവാദത്തിന് യു ഡി എഫ് സ്ഥാനാർത്ഥിയെ ക്ഷണിച്ചതും അതിനു വേണ്ടിയാണ്. എന്നാൽ ആ സംവാദക്ഷണത്തെ നാലാം തരം കാര്യമായും ട്രാപ് ആയിട്ടുമൊക്കെയാണ് യു ഡി എഫിലെ ചിലർക്ക് തോന്നിയതെന്നും ഇടത് സ്ഥാനാർത്ഥി വ്യക്തമാക്കുന്നു.
പുതുപ്പള്ളിയിലെ ജനം വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ യുഡിഎഫ് അതിനെ ആസൂത്രിതമായി ഗതിമാറ്റാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. കരാർ തൊഴിലാളിയായ ഒരു വ്യക്തിയെ ആദരണീയനായ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചു വിട്ടു എന്ന കള്ളവാർത്ത ആ ശ്രമങ്ങളിൽ ഏറ്റവും ഒടുവിലത്തേതായിരുന്നു.
സത്യാവസ്ഥ എല്ലാവർക്കും ബോധ്യമായെങ്കിലും പല മാധ്യമ സുഹൃത്തുക്കളും ഇപ്പോഴും ആ വിഷയത്തിലുള്ള എന്റെ പ്രതികരണം ചോദിക്കുന്നുണ്ട്. അടിമുടി വ്യാജമെന്ന് തെളിയിക്കപ്പെട്ട ഒന്നിനെക്കുറിച്ചാണ് ഇപ്പോഴും പ്രതികരണം വേണ്ടത്. ജോലി കൊടുക്കണമെന്ന് പറഞ്ഞു ഉദ്യോഗസ്ഥരെ മാധ്യമങ്ങളുടെ മുന്നിൽ വച്ച് ഭീഷണിപ്പെടുത്തിയ മുൻ ആഭ്യന്തര മന്ത്രിക്കെതിരെയോ ജോലി കൊടുക്കും വരെ സമരം ചെയ്യുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനോടും ആർക്കും ഒന്നും ചോദിക്കാനില്ലെന്നും ജെയ്ക്ക് സി തോമസ് പറയുന്നു.
മലപ്പുറം തുവ്വൂരിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവമുണ്ടായത് കഴിഞ്ഞ ദിവസമാണ്. കൊല നടത്തിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ യുവതിയുടെ തിരോധാനം അന്വേഷിക്കാൻ പോലീസ് സ്റ്റേഷൻ മാർച്ച് വരെ പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് കൊലയാളിയും സംഘവും പോലീസ് പിടിയിലാകുന്നത്.
സിനിമയിൽ മാത്രം നാം കണ്ടു ശീലിച്ച ഇത്തരം കാര്യങ്ങൾക്ക് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ വിഷ്ണുവിനെക്കുറിച്ച് യൂത്ത്കോൺഗ്രസിന്റെ നേതാവായ എതിർ സ്ഥാനാർത്ഥിക്ക് മുൻപിൽ ഒരു മാധ്യമത്തിന്റെയും ചോദ്യങ്ങൾ ഉയരുന്നില്ല. യൂത്ത് കോൺഗ്രസിന്റെ മിക്ക സംസ്ഥാന നേതാക്കളും ഇപ്പോൾ പുതുപ്പള്ളിയിലുണ്ട്. അവർക്കാർക്കും എന്ത് കൊണ്ടാകും തുവ്വൂരിലെ അതിനിഷ്ഠൂര കൊലപാതകത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരാത്തത്? ആ കൊലപാതകത്തെ അപലപിക്കാൻ പോലും അവർ തയ്യാറായിട്ടുമില്ല.
പ്രതിസ്ഥാനത്തു ഒരു സിപിഐ എം പ്രവർത്തകൻ ആയിരുന്നെങ്കിൽ മാധ്യമങ്ങൾ കാണിക്കുന്ന ശുഷ്‌കാന്തി എത്രത്തോളം ആയിരുന്നിരിക്കും എന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകില്ല. പുതുപ്പള്ളിയിലെ സാധാരണ മന്യഷ്യർ, തൊഴിലാളികൾ, അമ്മമാർ, ചെറുപ്പക്കാർ അവർ പുതുപ്പള്ളിയുടെ വികസനമുരടിപ്പിനെക്കുറിച്ചും മാറ്റം വേണ്ടതിനെക്കുറിച്ചും ചർച്ച ചെയ്തു തുടങ്ങിയിരിക്കുന്നു. ആ ചർച്ചയെ ഗതിമാറ്റാൻ മാധ്യമങ്ങളെ കൂട്ട് പിടിച്ചു നടത്തുന്ന ശ്രമങ്ങളെയും പുതുപ്പള്ളിയിലെ ജനങ്ങൾ തിരിച്ചറിയും. പുതുപ്പള്ളിയിൽ ഈ നാടിന്റെ വികസനം തന്നെയാകും ചർച്ചയാവുകയെന്നും ജെയ്ക്ക് സി തോമസ് കൂട്ടിച്ചേർക്കുന്നു.