തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ എല്‍ഡിഎഫിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് മുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തല്‍ എഡിജിപി തെറ്റായ കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് ഉറപ്പാണെന്നും ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു. എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത് ജാവദേക്കറെ കണ്ടതിനാലല്ലെന്നും ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി.
'ജാവദേക്കറെ കണ്ട വിഷയത്തിലല്ല എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമായാണ് ജയരാജനെ മാറ്റിയത്', എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസുകാരുമായി ചര്‍ച്ചനടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ് ചര്‍ച്ചചെയ്തത് എന്നതാണ് പ്രധാന വിഷയം. അന്‍വര്‍ നല്‍കിയ പരാതിയിലും തൃശ്ശൂരിലെ പൂരവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലും അജിത് കുമാറിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ആ പരാതികളെല്ലാം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള നടപടികള്‍ ആഭ്യന്തര വകുപ്പില്‍ ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒരു കാരണവശാലും സംരക്ഷിക്കില്ല. നടപടിക്ക് വിധേയമാക്കുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ആ നിലപാടിന് സര്‍വ്വ പിന്തുണയും എല്‍ഡിഎഫ് നല്‍കുന്നുണ്ടെന്നും ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി എടുത്തിട്ടുണ്ടെന്നാണ് എല്‍ഡിഎഫിന്റെ ബോധ്യം. ആര്‍എസ്എസുമായി ഏതെങ്കിലും തരത്തിലുള്ള കൂട്ടിക്കെട്ടോ ധാരണയോ സിപിഎമ്മിന്റെ ഭാഗത്തുനിന്നോ ഇടത് മുന്നണിയുടെ ഭാഗത്തുനിന്നോ ഉണ്ടാകില്ല. അക്കാര്യം ഉറച്ച് വിശ്വസിക്കാം. ആരോപണം ഉയര്‍ന്നാല്‍ അതിന്റെ അടിസ്ഥാനത്തിലല്ല ആളുകളെ ശിക്ഷിക്കുക. ആരോപണം ശരിയാണോ തെറ്റാണോ എന്നത് പരിശോധിക്കണം. ശരിയാണെങ്കില്‍ കടുത്ത ശിക്ഷ കൊടുക്കണം. ആ നിലപാടില്‍നിന്ന് പാര്‍ട്ടിയും എല്‍ഡിഎഫും മാറുന്നില്ലെന്നും ടി.പി.രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ടി.പി.രാമകൃഷ്ണന്‍ മുന്നണി കണ്‍വീനറായ ശേഷം ആദ്യ എല്‍ഡിഎഫ് യോഗമാണ് ഇന്ന് നടന്നത്. സര്‍ക്കാരിന്റെ വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ എല്‍ഡിഎഫ് അഭിനന്ദനം അറിയിച്ചതായും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. സപ്ലൈകോയില്‍ സാധനങ്ങളില്ലെന്ന പ്രചാരണം ഉണ്ടായിരുന്ന ആ നില മാറിയിട്ടുണ്ട്. എത്ര സാധനംവേണമെങ്കിലും ഇപ്പോള്‍ അവിടെയുണ്ട്. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന പ്രവര്‍ത്തനങ്ങളേയും ശക്തിപ്പെടുത്തി മുന്നോട്ട് പോകണമെന്നാണ് എല്‍ഡിഎഫ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.