മധുവിധു ആഘോഷത്തിലായിരുന്നു ആ ദമ്പതികള്‍. വിവാഹം കഴിഞ്ഞിട്ട് എട്ട് ദിവസം മാത്രമേ ആയിരുന്നുള്ളൂ. സ്വിറ്റ്സര്‍ലൻഡോ മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യമോ ആയിരുന്നു അവരുടെ ഹണിമൂണ്‍ സ്വപ്നം. എന്നാല്‍ വിസ ശരിയാകാതിരുന്നതോടെ അവസാന നിമിഷമാണ് മധുവിധു യാത്ര ജമ്മു കശ്മീരിലേക്കാക്കിയത്. വിശാലമായ താഴ്‌വാരയും പച്ചപുല്‍മേടുകളും തെളിഞ്ഞ അരുവികളും നിറഞ്ഞ മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിറിയപ്പെടുന്ന പഹല്‍ഗാമില്‍ അവര്‍ മധുവിധു ആഘോഷിക്കാനെത്തി.
എന്നാല്‍ ആ ആഘോഷം അധികസമയം നീണ്ടുനിന്നില്ല. കൊച്ചിയില്‍ നാവികസേന ഉദ്യോഗസ്ഥനായ ഹരിയാണ സ്വദേശി ലഫ്റ്റനന്റ് വിനയ് നര്‍വാളെന്ന നവവരന്‍, പ്രിയതമ ഹിമാംശിക്ക് മുന്നില്‍ വെടിയേറ്റു വീണു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തന്റെ ഭര്‍ത്താവിനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് ഹിമാംശി പറയുന്നു. ഹൃദയഭേദകമായ കാഴ്ചയായിരുന്നു വിനയ് നര്‍വാളിന്റെ മൃതദേഹം ഹിമാംശിയും മറ്റു കുടുംബാംഗങ്ങളും ഏറ്റുവാങ്ങുമ്പോഴുണ്ടായത്.

ഹരിയാണയിലെ കര്‍ണാലിലെ ഭുസലി ഗ്രാമത്തിലുള്ള വിനയ് അഗര്‍വാളും കുടുംബവും സെക്ടര്‍-7 ലാണ് താമസിക്കുന്നത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ വിനയ് മൂന്ന് വര്‍ഷം മുമ്പാണ് ലഫ്റ്റനന്റായി നാവികസേനയില്‍ ചേര്‍ന്നത്. കൊച്ചിയിലാണ് നിയമനം ലഭിച്ചത്. വിനയ് നര്‍വാളിന്റെ പിതാവ് രാജേഷ് കുമാര്‍ പാനിപ്പത്തില്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സൂപ്രണ്ടാണ്. മുത്തച്ഛന്‍ ഹവാ സിംഗ് 2004-ല്‍ ഹരിയാണ പോലീസില്‍ നിന്ന് വിരമിച്ചയാളാണ്.
ഗുരുഗ്രാം സ്വദേശിനിയായ ഹിമാംശിയുമായി രണ്ട് മാസം മുമ്പാണ് വിവാഹ നിശ്ചയം നടത്തിയത്. ഹിമാംശി പിഎച്ച്ഡി ചെയ്യുകയാണ്, കൂടാതെ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകളും എടുക്കുന്നുണ്ട്. ഹിമാംശിയുടെ അച്ഛന്‍ സുനില്‍ കുമാര്‍ ഗുരുഗ്രാമില്‍ എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ ഓഫീസറാണ്.
വിവാഹത്തിനായി മാര്‍ച്ച് 28-നാണ് വിനയ് അവധിയെടുത്ത് നാട്ടിലെത്തിയത്, ഏപ്രില്‍ 16-ന് മസൂറിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഏപ്രില്‍ 19-ന് കര്‍ണാലില്‍ വിവാഹ സല്‍ക്കാരം നടത്തി. ‘അവര്‍ യൂറോപ്പില്‍ മധുവിധു ആഘോഷിക്കാന്‍ പദ്ധതിയിട്ടിരുന്നു, എന്നാല്‍ വിസ പ്രശ്നങ്ങള്‍ കാരണം അത് ഒഴിവാക്കി. പകരമായി, അവര്‍ ഏപ്രില്‍ 21-ന് ജമ്മു കശ്മീരിലേക്ക് പോയതാണ്, ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ഒരു ഹോട്ടലിലെത്തി. ഭക്ഷണം കഴിച്ചതിന് ശേഷമാണ് ഇപ്പോള്‍ ആക്രമണം നടന്ന സ്ഥലത്തേക്ക് ആവര്‍ പോയത്’ വിനയ് നര്‍വാളിന്റെ കുടുംബാംഗം പറഞ്ഞു.
ജമ്മു കാശ്മീരില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം മെയ് ഒന്നിന് വിനയ് തന്റെ 27-ാം ജന്മദിനം ആഘോഷിക്കാന്‍ ഇരിക്കുകയായിരുന്നു. ഹണിമൂണ്‍ കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ കുടുംബം വലിയൊരു ആഘോഷം ഒരുക്കിയിരുന്നു. മറ്റൊരു കുടുംബാംഗമായ അമിത് പറഞ്ഞു. ഈ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് മെയ് മൂന്നിന് വിനയിയും ഹിമാംശിയും കൊച്ചിയിലേക്ക് പോകാനും പദ്ധതിയിട്ടതാണ്. അവിടെ അവര്‍ ഒരു റെസ്റ്റ് ഹൗസ് ബുക്ക് ചെയ്തിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. വിനയ് നര്‍വാളിന്റെ കുടുംബത്തില്‍ നിരവധി ആളുകള്‍ സൈന്യത്തില്‍ സേവനം ചെയ്തിട്ടുണ്ട്.


