മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് മലപ്പുറം പള്ളിപ്പുറത്തുനിന്ന് കാണാതായ വിഷ്ണുജിത്തി(30)നായി കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരുന്നു. സെപ്റ്റംബര്‍ നാലാംതീയതി രാത്രി 7.45-ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള ബസില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചതോടെയാണ് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. ഇതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി തമിഴ്‌നാട് പോലീസുമായും ബന്ധപ്പെട്ടിരുന്നു.
സെപ്റ്റംബര്‍ എട്ടാം തീയതി വിവാഹം നടക്കാനിരിക്കെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വിഷ്ണുജിത്തിനെ കാണാതായത്. സുഹൃത്തില്‍നിന്ന് പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്ക് പോകുന്നതായാണ് വിഷ്ണുജിത്ത് വീട്ടുകാരോട് പറഞ്ഞിരുന്നത്.
ഇതിനിടെ നാലാം തീയതി രാത്രി വീട്ടിലേക്ക് വിളിച്ചിരുന്നു. പക്ഷേ, പിന്നീട് യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഫോണും സ്വിച്ച് ഓഫാണ്. അതിനിടെ, വിഷ്ണുജിത്ത് സംഭവദിവസം കഞ്ചിക്കോട്ടെത്തി പണം വാങ്ങിയെന്നും തുടര്‍ന്ന് പാലക്കാട്ടേക്ക് തിരികെ ബസില്‍ മടങ്ങിയെന്നുമാണ് സുഹൃത്തായ ശരത്തിന്റെ മൊഴി. ഇതിനുശേഷം വിഷ്ണുജിത്ത് വീണ്ടും കഞ്ചിക്കോട്ടേക്ക് വന്നതായും സംശയമുണ്ടായിരുന്നു.
നാലാംതീയതി രാത്രി എട്ടേകാലിനാണ് വിഷ്ണുജിത്ത് അവസാനമായി ഫോണില്‍വിളിച്ചതെന്ന് സഹോദരി ജെസ്‌ന പറഞ്ഞു. ”പാലക്കാടുനിന്ന് കോയമ്പത്തൂരിലേക്കുള്ള ബസ് കയറിപ്പോയെന്നാണ് പോലീസ് അവസാനമായി പറഞ്ഞത്. അവരിപ്പോള്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പറഞ്ഞിട്ടുള്ളത്. നാലാം തീയതി രാത്രി എട്ടേകാലിനാണ് അവസാനം എന്നെ വിളിക്കുന്നത്. ഞങ്ങള്‍ ആ സമയം മഞ്ചേരിയിലായിരുന്നു. സാധാരണരീതിയില്‍ തന്നെയാണ് സംസാരിച്ചത്. അതിനുശേഷം അവന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. പിറ്റേദിവസം രാവിലെയായിട്ടും അവനെ കാണാനില്ലായിരുന്നു.
ഫോണ്‍ അപ്പോഴും സ്വിച്ച് ഓഫായിരുന്നു. അങ്ങനെ ഓരോയിടത്ത് അന്വേഷിച്ചപ്പോഴാണ് പാലക്കാട് ഇങ്ങനെയൊരു സുഹൃത്ത് ഉണ്ടെന്ന് അറിയുന്നത്. അയാളുടെ നമ്പര്‍ സംഘടിപ്പിച്ച് അയാളെ വിളിച്ചു. വിഷ്ണു കാണാന്‍ വന്നിരുന്നതായും ഒരുലക്ഷം രൂപ റെഡിയാക്കി നല്‍കിയെന്നും സുഹൃത്തായ ശരത് പറഞ്ഞു. ഒരുലക്ഷം വാങ്ങി കഞ്ചിക്കോടുനിന്ന് പാലക്കാട്ടേക്ക് ബസ് കയറിയെന്നും സ്റ്റേഡിയം സ്റ്റാന്‍ഡില്‍ ഇറങ്ങിയെന്നും ശരത് പറഞ്ഞിരുന്നു.
അതിനുശേഷം അവനെയും വിളിച്ചിട്ടില്ല. അത്രയും കാര്യങ്ങളെ അവനും അറിയൂ. വിവാഹാവാശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ നാലാം തീയതി വിഷ്ണു പതിനായിരം രൂപ എന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നു. അപ്പോഴും പണം വാങ്ങിയ കാര്യമോ എത്ര പണം കൈയില്‍ ഉണ്ടെന്നോ പറഞ്ഞിരുന്നില്ല”, സഹോദരി പറഞ്ഞു.