ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരര്‍ കോയമ്പത്തൂരില്‍ എത്തിയതായി രഹസ്യ വിവരം; സംഘത്തില്‍ മലയാളിയും
കോയമ്പത്തൂര്‍: ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ നുഴഞ്ഞുകയറിയതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരില്‍ അതീവ ജാഗ്രതാ നിര്‍ദേശം. മലയാളിയടക്കം ആറ് ലഷ്‌കര്‍ ഭീകരര്‍ ശ്രീലങ്കവഴി തമിഴ്‌നാട്ടിലെത്തിയതായാണ് വിവരം. തൃശൂര്‍ സ്വദേശിയാണ് ഭീകരസംഘത്തിലെ മലയാളി. മറ്റുള്ളവര്‍ പാക്കിസ്ഥാന്‍കാരാണ്. ഭീകരരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ ചിത്രം കോയമ്പത്തൂര്‍ സിറ്റിപോലീസ് എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറിയിട്ടുണ്ട്. രഹസ്യാന്വേഷണ സംഘത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
റെയില്‍വേ സ്റ്റേഷന്‍ വിമാനത്താവളം, ബസ് സ്റ്റാന്‍ഡുകള്‍, ആരാധാനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കര്‍ശന പരിശോധനായാണ് നടക്കുന്നത്. പടിഞ്ഞാറന്‍ തമിഴ്‌നാട്ടിലെ എട്ട് ജില്ലകളിലായി ഏഴായിരം പോലീസുകാരെ സുരക്ഷ പരിശോധനയ്ക്കായി നിയോഗിച്ചു. മൂന്ന് ജില്ലകള്‍ ഉള്‍പെടുന്ന ചെന്നൈ നഗരത്തില്‍ മാത്രം ആയിരത്തിയഞ്ഞൂറ് പോലീസുകാരെയും വിന്യസിച്ചു. തൃശൂര്‍ സ്വദേശിയുടെ സഹായത്തോടെയാണു ഭീകരര്‍ ശ്രീലങ്കയില്‍നിന്ന് തമിഴ്നാട് തീരത്തെത്തിയത്. നെറ്റിയില്‍ കുറിയും ഭസ്മവും അണിഞ്ഞ് വേഷം മാറിയായിരിക്കും ഇവരെത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രീലങ്കയിലെ സ്ഫോടനത്തിന് ശേഷം കഴിഞ്ഞ ഏപ്രില്‍ മാസത്തിലും തമിഴ്നാട്ടില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. അടുത്തിടെ തമിഴ്നാട്ടില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ആറ് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.