തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് കൈക്കൂലി വാങ്ങിയ കോര്‍പ്പറേഷന്‍ റവന്യൂ ഇന്‍സ്പെക്ടര്‍ക്ക് (ആര്‍.ഐ) സസ്പെന്‍ഷന്‍. ഉള്ളൂര്‍ സോണല്‍ ഓഫീസിലെ റവന്യൂ ഇന്‍സ്പെക്ടര്‍ മായ വി.എസ്സിനെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് സസ്പെന്‍ഡ് ചെയ്തത്. പെര്‍മിറ്റ് നല്‍കാന്‍ ആര്‍.ഐ. കൈക്കൂലി ആവശ്യപ്പെടുന്ന ഫോണ്‍ കോളിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.
നഗരത്തിലെ കെട്ടിട നിര്‍മ്മാണ കരാറുകാരനോടാണ് ഉദ്യോഗസ്ഥ പണം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് കൈക്കൂലിയും വാങ്ങി. ലാപ്‌ടോപാണ് ഇവര്‍ കൈക്കൂലിയായി ചോദിച്ചുവാങ്ങിയത്.
ഇവര്‍ക്കെതിരെ നേരത്തേയും നിരവധി പരാതികളുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കളക്ടര്‍ക്ക് ലഭിച്ച പരാതിയില്‍ അന്വേഷണം നടക്കുകയാണ്. കൈക്കൂലിക്ക് വേണ്ടി സേവനങ്ങള്‍ വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ക്കെതിരെ രണ്ട് കൗണ്‍സിലര്‍മാര്‍ നേരത്തേ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു.
പരാതികളുടെ അടിസ്ഥാനത്തില്‍ ആര്‍.ഐക്കെതിരേ വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ചില പരാതികളുടെ അടിസ്ഥാനത്തില്‍ മുമ്പ് ഈ ഉദ്യോഗസ്ഥയെ താക്കീത് ചെയ്തിട്ടുള്ളതായും കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. വിജിലന്‍സിലും ഇവര്‍ക്കെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ട്.