തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി. റവന്യൂമന്ത്രിയാണ് റിപ്പോർട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതാണ് റിപ്പോർട്ട്.
കേസിലെ പ്രതിയായ ദിവ്യ ഒഴികെയുള്ള 17 പേരുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ആരോപിക്കുന്നതുപോലെ നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കളക്ടറുടെ മൊഴിയും റിപ്പോർട്ടിലുണ്ട്. തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞത് എന്ന കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.
റിപ്പോർട്ട് നേരത്തെ ചീഫ് സെക്രട്ടറി പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയിരിക്കുന്നത്.