തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി പോക്കുവരവ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. നിലവിലുള്ളതിന്റെ ഇരട്ടിയിലധികം തുകയായിട്ടാണ് ഫീസ് വര്‍ധിപ്പിച്ചത്. ആധാരത്തിലെ ഓരോ പട്ടികയും ഓരോ യൂണിറ്റായി കണക്കാക്കിയാണ് പോക്ക്വരവ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് നടപടി.
സംസ്ഥാനത്ത് നടക്കുന്ന ഭൂമിയുടെ കൈമാറ്റങ്ങള്‍ക്ക് അനുസൃതമായി പോക്കുവരവ് ഫീസ് വര്‍ധിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ ഫീസ് കുത്തനെ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അഞ്ച് ആര്‍ വരെയുള്ള ഭൂമിക്ക് നിലവില്‍ 45 രൂപയായിരുന്നു. ഈ പട്ടിക മാറ്റുകയും പത്ത് ആര്‍ വരെ ഫീസ് നൂറു രൂപയാക്കി മാറ്റുകയും ചെയ്തു. എട്ട് ആര്‍ മുതല്‍ ഇരുപത് ആര്‍ വരെയുള്ള ഭൂമി കൈമാറ്റത്തിന് 85 രൂപയായിരുന്നു നിലവിലുള്ള ഫീസ്. ഇതു 200 രൂപയാക്കി ഉയര്‍ത്തി.
20 മുതല്‍ 50 ആര്‍ വരെ 150 രൂപ ഫീസായിരുന്നത് 300 രൂപയായി ഉയര്‍ത്തി. ഇതേ രീതിയില്‍ തന്നെ മറ്റു പട്ടികകളിലും ഫീസ് ഉയര്‍ത്തുകയായിരുന്നു. ഒരു ഹെക്ടര്‍ വരെ 500 രൂപയായും രണ്ട് ഹെക്ടര്‍ വരെ 700 രൂപയായും രണ്ട് ഹെക്ടറിനു മുകളില്‍ ആയിരം രൂപയായും ഫീസ് ഉയര്‍ത്തി. ഏപ്രില്‍ ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യം നല്‍കിയിട്ടുള്ളതിനാല്‍ ഏപ്രില്‍ ഒന്നു മുതല്‍ നടത്തിയ ഭൂമി കൈമാറ്റങ്ങള്‍ക്ക് പുതിയ ഫീസ് നല്‍കേണ്ടി വരും.