ഡല്‍ഹി: നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രത്തിലെ എൻഡിഎ സർക്കാർ ഉടന്‍ തന്നെ നിലംപതിച്ചേക്കാമെന്ന് ആർ ജെ ഡിയുടെ സമുന്നതനായ നേതാവ് ലാലു പ്രസാദ് യാദവ്. കേന്ദ്ര സർക്കാർ വളരെ ദുർബമാണെന്നും അത് ഓഗസ്റ്റ് മാസത്തോടെ തന്നെ തകരാന്‍ സാധ്യതയുണ്ടെന്നുമാണ് ലാലു അവകാശപ്പെടുന്നത്. ആർ ജെ ഡിയുടെ 28-ാം സ്ഥാപക ദിന ചടങ്ങില്‍ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കഴിഞ്ഞ 27 വർഷമായി നമ്മള്‍ നിരവധി ഉയർച്ച താഴ്ചകൾ കണ്ടു. അതുകൊണ്ട് തന്നെ നമ്മള്‍ കൂടുതൽ ശക്തരായി. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ സർക്കാർ ദുർബലമാണ്, ഓഗസ്റ്റിൽ താഴെ വീഴാം. തിരഞ്ഞെടുപ്പ് എപ്പോൾ വേണമെങ്കിലും നടക്കാമെന്നതിനാൽ എല്ലാ പാർട്ടി പ്രവർത്തകരോടും നേതാക്കളോടും സജ്ജരായിരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു,” പട്‌നയിൽ നടന്ന ചടങ്ങിൽ ലാലു പ്രസാദ് യാദവ് വ്യക്തമാക്കി.
ബിഹാറിൽ തേജസ്വി യാദവിൻ്റെ നേതൃത്വത്തിൽ ആർജെഡി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഞാൻ അദ്ദേഹത്തിന് ചുമതല നൽകിയിട്ടുണ്ടെന്നും ലാലു പ്രസാദ് കൂട്ടിച്ചേർത്തു. നിങ്ങള്‍ പിന്തുണ നൽകുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ആർജെഡി ഇനിയും ഉയരങ്ങളിലെത്തുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും എൻഡിഎ സർക്കാരുകള്‍ക്കെതിരെ തേജസ്വി യാദവ് ആഞ്ഞടിച്ചു. ബിഹാറിൽ കുറ്റകൃത്യങ്ങൾ നിരന്തരം നടക്കുന്നുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തും ‘ഇരട്ട-എഞ്ചിൻ’ എന്ന അത്ഭുതകരമായ ഒരു കളി അരങ്ങേറുകയാണ്. ഒരു എഞ്ചിൻ അഴിമതിയിലും മറ്റൊന്ന് കുറ്റകൃത്യത്തിലും ഏർപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ 2024 ഡിസംബറിലോ 2025ൻ്റെ തുടക്കത്തിലോ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നും തേജസ്വി യാദവ് വ്യക്തമാക്കി.
ബിഹാറില്‍ നിരന്തരം പാലം തകരുന്ന സംഭവങ്ങളും അദ്ദേഹം വ്യക്തമാക്കി, “നിതീഷ് കുമാർ മുഖ്യമന്ത്രിയായ ദിവസം മുതൽ, [മുൻ മഹാഗത്ബന്ധൻ ഭരണത്തിൻ്റെ] 18 മാസത്തെ ഭരണം മാറ്റിവെച്ചാൽ, ഗ്രാമീണ മരാമത്ത് വകുപ്പിന്റെ ചുമതല പൂർണ്ണമായും ജെഡിയുവിനായിരുന്നു. തൊഴിലില്ലായ്മ, ദാരിദ്ര്യം, പണപ്പെരുപ്പം എന്നിവയ്ക്കൊപ്പം പാലങ്ങളും തകർന്നുകൊണ്ടിരിക്കുന്നു. അവരെ വീണ്ടും അധികാരത്തിൽ വരാൻ നമ്മള്‍ അനുവദിക്കില്ലെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.
മോദി സർക്കാർ അഞ്ച് വർഷം നീണ്ടുനിൽക്കില്ലെന്ന് സംസ്ഥാന അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് കൂടിയായ യാദവ് കൂട്ടിച്ചേർത്തു. “നിതീഷ് കുമാർ ബിഹാറിൽ 2024-ലോ 2025-ലോ തിരഞ്ഞെടുപ്പ് നടത്തിയേക്കാം. ആർജെഡിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ ചില കടുത്ത തീരുമാനങ്ങൾ എടുക്കണമെങ്കിൽ ഞാൻ തയ്യാറാണെന്നും ” യാദവ് പറഞ്ഞു.