കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന വിവരം സ്ഥിരീകരിച്ച് ലക്ഷ്മിപ്രിയ. മേൽവിലാസവുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ മൂലമാണ് പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതെന്ന് താരം പറയുന്നു. അല്ലാതെ ഇതുവരെ വോട്ട് പോലും ചെയ്യാത്ത വ്യക്തിയല്ല താനെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിയാണ് താരം രംഗത്തെത്തിയത്.
ലക്ഷ്മിപ്രിയയുടെ വാക്കുകൾ:
നമസ്കാരം, ഞാൻ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ കാൻഡിഡേറ്റ് ആയി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ആ മത്സരത്തിൽ നിന്നും ഇപ്പോൾ ഞാൻ ഔദ്യോഗികമായി പിന്മാറുന്ന വിവരം എന്റെ ഫേസ്ബുക്ക് പേജിലൂടെ നിങ്ങളെ എല്ലാവരെയും അറിയിക്കുകയാണ്. കാരണം പല ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഞാൻ വോട്ട് ഇല്ലാത്ത ആളാണോ, വോട്ട് ഇതുവരെ ചെയ്യാത്ത ആളാണോ, ഇങ്ങനെയുള്ള ഒരാളാണോ മത്സരത്തിന് ഇറങ്ങുന്നത് എന്നൊക്കെ പറഞ്ഞ് ഒരുപാട് കമന്റുകളും കാര്യങ്ങളും ഒക്കെ കണ്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. വോട്ട് ഇല്ല എന്നത് ശരിയാണ്. കാരണം അത് ഒരു അഡ്രസ്സ് ചേഞ്ചുമായിട്ട് ബന്ധപ്പെട്ടിട്ടുള്ള ഒരു ടെക്നിക്കൽ എറർ കൊണ്ട് സംഭവിച്ച ഒരു കാര്യമാണ്.
18 വയസ്സ് പൂർത്തിയായ കാലം മുതൽ ഇക്കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷൻ വരെ തൃക്കാക്കരയിൽ വോട്ട് ചെയ്ത ഒരു വ്യക്തി തന്നെയാണ് ഞാൻ. അതിന് മുമ്പ് ലോക്സഭാ ഇലക്ഷൻ ആയിരുന്നു. അതിനു മുൻപത്തെ നിയമസഭാ ഇലക്ഷൻ കാലത്ത് നമ്മൾ തൃക്കാക്കരയിൽ നിന്നും തൃശ്ശൂർ പോയിട്ടാണ് വോട്ട് ചെയ്തുകൊണ്ടിരുന്നത്. ഇപ്പോൾ നമ്മുടെ എസ് ഐ ആർ സർട്ടിഫിക്കറ്റുമായിട്ട് ബന്ധപ്പെട്ട് ഒരു അപ്ഡേഷൻ ഉണ്ടായിരുന്നു. ആ അപ്ഡേഷനിൽ വന്ന ഒരു അഡ്രസ്സിന്റെ എറർ കൊണ്ട് മാത്രമാണ് എനിക്ക് അത് പെൻഡിങ് ആയി. എസ് ഐ ആർ സർട്ടിഫിക്കറ്റ് പെൻഡിങ് ആയിപ്പോയി. ഇപ്പോൾ നമ്മൾ ഇലക്ഷനിൽ നിൽക്കുന്നതുമായി ബന്ധപ്പെട്ട് ആ ഒരു ഡോക്യുമെന്റ് നമുക്ക് വളരെ നിർബന്ധമാണ്.
ആ ഡോക്യുമെന്റ് ലഭിച്ചിട്ടുള്ളവർക്ക് മാത്രമാണ് ഇത്തവണ നിയമസഭ ഇലക്ഷനിൽ വോട്ട് ചെയ്യാൻ സാധിക്കുക. അത് എന്നെപ്പോലെ ഈ നാട്ടിലെ എല്ലാ പൗരന്മാർക്കും എല്ലാ ഇന്ത്യൻ പൗരന്മാർക്കും ആ സിറ്റിസൺഷിപ്പ് പേപ്പർ നിർബന്ധമാണ്. അപ്പോൾ ഇത് ലഭിച്ചിട്ടില്ലാത്തവരെല്ലാം അത് എടുക്കണം എന്നും കൂടി ഞാൻ ഇപ്പോൾ റിക്വസ്റ്റ് ചെയ്യുകയാണ്. ഇങ്ങോട്ട് വീട് മാറിയപ്പോൾ ഒരു അഡ്രസ്സ് ചേഞ്ച് ആണ് എനിക്ക് വന്നിട്ടുണ്ടായിരുന്നത്. ആ ഒരു ടെക്നിക്കൽ എറർ കൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിച്ചത്. അത് പരിഹരിക്കുന്നതിന് ആവശ്യമായിട്ടുള്ള എല്ലാ കാര്യങ്ങളും നമ്മൾ സ്വീകരിച്ചിട്ടുണ്ട്.
ദൗർഭാഗ്യവശാൽ നമുക്ക് 22–ാം തിയതി മാത്രമായിരിക്കും ആ ഡോക്യുമെൻറ് ഔദ്യോഗിക രേഖയായിട്ട് നമ്മുടെ കയ്യിലേക്ക് ലഭിക്കുക. നിങ്ങൾക്ക് എല്ലാവർക്കും അറിയാം 23–ാം തിയതിയാണ് നോമിനേഷൻ കൊടുക്കേണ്ട അവസാന തിയതി. അപ്പോൾ എപ്പോഴും നമ്മൾ നോമിനേഷൻ കൊടുത്തു കഴിയുമ്പോൾ അതിൽ ഒരു സ്ക്രൂട്ട്നി ഉണ്ടാകും. അതിന്റെ പരിശോധനകൾ ഉണ്ടാകും. ഇതൊക്കെ ഫൈനൽ ചെയ്ത് നമ്മൾ നോമിനേഷൻ കൊടുക്കേണ്ട തിയതിയും ഈ 23 എന്ന് പറയുന്ന ഒരു തിയതിയാണ്. ഈ പേപ്പർ എന്ന് പറയുന്നത് എസ്ഐആറിന്റെഫോമും അതോടൊപ്പം വോട്ടേഴ്സ് ലിസ്റ്റും നോമിനേഷൻന് ഒപ്പം വയ്ക്കേണ്ടത് അത്യാവശ്യമാണ്. അതുണ്ടെങ്കിൽ മാത്രമാണ് നമുക്ക് മത്സരിക്കാൻ സാധിക്കുക.
22–ാം തിയതി അതു കിട്ടും. അതുകൊണ്ട് പാർട്ടി ആ റിസ്ക് എടുക്കാൻ തയാറാണ് എന്ന് എന്റെ അടുത്ത് പറഞ്ഞിരുന്നു. എങ്ങാനും എന്തെങ്കിലും ഒരു കറക്ഷൻ വന്നു കഴിഞ്ഞാൽ നമുക്ക് അവിടെ ഒരു കാൻഡിഡേറ്റിനെ നിർത്താൻ സാധിക്കാതെ പോകും. എന്റെ മുന്നിൽ വേറൊരു ദിവസം ഒരു 24 മണിക്കൂർ കൂടി കിട്ടുമായിരുന്നെങ്കിൽ എനിക്ക് എന്തെങ്കിലും കറക്ഷൻസ് ഉണ്ടെങ്കിൽ അത് നോക്കിയിട്ട് തൊട്ടടുത്ത ദിവസത്തേക്ക് അത് കൊടുക്കാം. എന്നാൽ ഈ ഒരു 24 മണിക്കൂറും കൂടി നമ്മുടെ മുന്നിൽ കിട്ടാത്തതുകൊണ്ട് ഞാനാണ് പാർട്ടിയോട് പറഞ്ഞത്, ഞാൻ ഇതിൽ നിന്ന് പിന്മാറാം, ധൈര്യപൂർവം വേറൊരാളിനെ നോക്കിക്കൊള്ളൂ, വച്ചുകൊള്ളൂ എന്ന്.
നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഭാരതീയ ജനതാ പാർട്ടി എന്ന് പറയുമ്പോൾ ഒരിക്കലും വ്യക്തി അധിഷ്ഠിതമായിട്ടുള്ള രാഷ്ട്രീയമല്ല. ഞങ്ങൾക്ക് രാഷ്ട്രവും ഞങ്ങളുടെ രാഷ്ട്രീയവുമാണ് വലുത്. നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ഇടതുപക്ഷവും വലതുപക്ഷവും പോലെ ഒരിക്കലും വ്യക്തി കേന്ദ്രീകൃതമായിട്ടുള്ള ഒരു രാഷ്ട്രീയമല്ല ബിജെപി ആണെങ്കിലും എൻഡിഎ ആണെങ്കിലും ട്വന്റി–ട്വന്റി ആണെങ്കിലും. അതുകൊണ്ട് പാർട്ടിയെ സപ്പോർട്ട് ചെയ്യുക, പാർട്ടിക്ക് വേണ്ടി പ്രചരണത്തിന് പോവുക, പാർട്ടിക്ക് വേണ്ടിയും നമ്മുടെ രാഷ്ട്രത്തിന് വേണ്ടിയിട്ടും കട്ട സപ്പോർട്ട് ആയിട്ട് നിൽക്കുക എന്നത് തന്നെയാണ് എന്റെ തീരുമാനം. പിന്നെ എന്നെപ്പോലെ ഒരു വ്യക്തി എന്നത് പാർട്ടിക്ക് നിർബന്ധമായിട്ടുള്ള ഒരു കാര്യമല്ല. എന്നെപ്പോലെ എന്നല്ല ആരും പാർട്ടിക്ക് നിർബന്ധമായിട്ടുള്ള കാര്യമല്ല. അതുകൊണ്ട് ഞാൻ അതിൽ നിന്ന് പിൻവാങ്ങുകയാണ്.
ഇത് ഞാൻ എന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെ ഔദ്യോഗികമായി നിങ്ങളെ എല്ലാവരെയും അറിയിക്കുകയാണ്. എന്നെ വിഷമിപ്പിച്ചു കൊണ്ടോ വേദനിപ്പിച്ചു കൊണ്ടോ അയയ്ക്കുന്ന കമൻറുകളിൽ ഒന്നും അങ്ങനെ തളർന്നു പോകുന്ന, തലകുനിച്ചിരിക്കുന്ന ഒരാളല്ല ലക്ഷ്മിപ്രിയ. പിന്നെ പല കമൻറുകളും കാണുന്നുണ്ട്, കാശ് വാങ്ങിച്ചിട്ട് മത്സരിച്ചു… കാശ് കിട്ടിയത് ലാഭം… ആയതുകൊണ്ട് ഇരിക്കുന്നു… അങ്ങനെ ഒരു ഇലക്ഷന് കാശു കൊടുത്ത് വിലയ്ക്ക് വാങ്ങുന്ന ആൾക്കാരൊന്നും ഇല്ല. അങ്ങനെയൊന്നും സാധിക്കില്ല. അതൊക്കെ സാധാരണ നിങ്ങളെ പോലെയുള്ള എന്താ പറയാ മറ്റുള്ളവരെ കുറ്റം പറയാനും പരിഹസിക്കാനും മാത്രം ഇരിക്കുമ്പോൾ നിങ്ങളുടെ തോന്നലുകൾ മാത്രമാണ്. അങ്ങനെയൊന്നും ചെയ്യാൻ സാധിക്കില്ല. പിന്നെ അതും കൂടി ഞാൻ നിങ്ങളെ അറിയിക്കുകയാണ്. അത്തരത്തിലുള്ള ഒരു കാര്യങ്ങളും ഇതിനകത്ത് ഇല്ല. അതോടൊപ്പം സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്. സംഭവിക്കാൻ ഇരിക്കുന്നതും നല്ലതിന് എന്ന് വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.
എന്റെ രാഷ്ട്രീയവും എന്റെ നിലപാടുകളും എന്റെ അഭിപ്രായങ്ങളും എല്ലാം വളരെ വ്യക്തമായി ഞാൻ കഴിഞ്ഞ കാലങ്ങളിൽ നിരന്തരം നിങ്ങളോട് സമ്മതിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്. അതുകൊണ്ട് ഇനി എൻഡിഎയുടെ ‘ട്വന്റി ട്വന്റി’യുടെ ഒക്കെ വേദികളിൽ ഞാൻ പ്രചരണത്തിനായി മുൻനിരയിൽ ഉണ്ടാവും എന്ന് തന്നെ അറിയിക്കുകയാണ്. ഈ ഒരു കാര്യം എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് നിസ്സാരമായിട്ടുള്ള ഒരു കാര്യമാണ്. ഒരു ആഗ്രഹത്തിന്റെയും പുറകെ അങ്ങനെ അങ്ങ് പോകുന്ന വ്യക്തി ഒന്നുമല്ല. അതുകൊണ്ട് എനിക്ക് അതിൽ പിന്നെ യാതൊരു വിഷമമോ നിരാശയോ ഒന്നുമില്ല. അതുകൊണ്ട് മുൻനിരയിൽ തന്നെ നിന്ന് പ്രവർത്തിക്കാനാണ് തീരുമാനം. പുതുതായി വരുന്ന സ്ഥാനാർഥിക്ക് എന്റെ എല്ലാവിധ വിജയാശംസകളും അറിയിക്കുന്നു. അതോടൊപ്പം കേരളത്തിലെ എല്ലാ ബിജെപിയുടെയും എൻഡിഎയുടെയും ട്വന്റി–ട്വന്റിയുടെയും വേദികളിൽ ഞാൻ ഉണ്ടാകും എന്ന് അറിയിച്ചുകൊണ്ട് നിർത്തുകയാണ്.
പിന്നെ പെരുമ്പാവൂരിലെ വോട്ടർമാരോടാണ് ഞാൻ നന്ദി അറിയിക്കുന്നത്. കാരണം ഇന്നലത്തെ ഒരു അന്തരീക്ഷം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് പെരുമ്പാവൂരിന്റെ ചരിത്രത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു ജനസമുദ്രം അവിടെ ഉണ്ടായിരുന്നു. ആ വോട്ടർമാരോട്, എന്നെ കാണാനായി വന്ന, കാത്തിരുന്ന എന്നെ ആഗ്രഹിച്ച എല്ലാവരോടും ഞാൻ നന്ദി അറിയിക്കുകയാണ്. എന്തായാലും പെരുമ്പാവൂരിന് വേണ്ടി മുൻനിരയിൽ തന്നെ ഉണ്ടാവും. ഒപ്പം മറ്റു മണ്ഡലങ്ങളിലും ഉണ്ടാവും എന്ന് അറിയിച്ചുകൊണ്ട് നിർത്തുന്നു. നന്ദി, നമസ്കാരം.
Actress Lakshmi Priya has confirmed her withdrawal from the Kerala Assembly Election in Perumbavoor. She clarified that her name was omitted from the voter list due to technical issues related to her residential address. Refuting claims that she had never voted before, she stated she is a regular voter but faced complications while updating her details. Lakshmi Priya addressed the allegations against her in detail and pledged her full support to the new Twenty20 candidate, Jibi Pathickal. She remains committed to her political stance despite this setback.


