കൊച്ചി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വധശ്രമക്കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ലക്ഷദ്വീപ് കോടതി ഉത്തരവ് സസ്പെൻഡ് ചെയ്യണമെന്ന എം.പി.യുടെ ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് നടപടി. മുൻകേന്ദ്രമന്ത്രി പി.എം. സെയ്‌ദിന്റെ മരുമകൻ കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഇടക്കാല ഉത്തരവ്.
മുഹമ്മദ് ഫൈസൽ ക്രിമിനൽ പ്രവൃത്തിയിൽ പങ്കാളിയായതിൽ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണക്കോടതി വിധി ജനുവരി 25-ന് ഹൈക്കോടതി സസ്പെൻഡ് ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പിലേക്ക് പോകുന്നത് ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുമെന്ന് കണ്ടെത്തിയായിരുന്നു ഇത്.
ഇതിനെതിരേ ലക്ഷദ്വീപ് ഭരണകൂടം സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ ഈ ഉത്തരവ് റദ്ദാക്കി. വിഷയം വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാനായി ഹൈക്കോടതിയിലേക്ക് മടക്കി. തുടർന്നാണ് വീണ്ടും വാദംകേട്ടത്. കുറ്റക്കാരനായി കണ്ടെത്തിയത് സസ്പെൻഡ് ചെയ്ത മുൻ ഉത്തരവിൽ മാറ്റംവരുത്തിയാണ് പുതിയ ഉത്തരവ്.
അതേസമയം, മുഹമ്മദ് ഫൈസലടക്കമുള്ള നാലു പ്രതികൾക്കും വിചാരണക്കോടതി വിധിച്ച തടവുശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിനെതിരേ മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചേക്കും.