തിരുവനന്തപുരം:നികുതിയിനത്തില്‍ ലഭിച്ച പണം ബാങ്കില്‍ അടയ്ക്കാതെ തിരുവനന്തപുരം കോര്‍പറേഷന്റെ നാലു സോണല്‍ ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ തട്ടിയത് ലക്ഷങ്ങള്‍. സംസ്ഥാന ഓഡിറ്റു വകുപ്പിന്റെ കണ്‍കറന്റ് ഓഡിറ്റു വിഭാഗം നടത്തിയ പരിശോധനയിലാണ് ഈ പണംതിരിമറി പിടികൂടിയത്. ഏകദേശം 33.96 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്തു.
നേമം, ശ്രീകാര്യം, ഉള്ളൂര്‍, ആറ്റിപ്ര സോണല്‍ ഓഫിസുകളിലാണ് പണം തട്ടിപ്പു കണ്ടെത്തിയത്. നേമത്തു 26,74,333 രൂപയാണ് ഉദ്യോഗസ്ഥര്‍ തട്ടിയത്. ഇവിടത്തെ സൂപ്രണ്ട് എസ്. ശാന്തി, കാഷ്യര്‍ എസ്. സുനിത എന്നിവരെ ബുധനാഴ്ച സസ്‌പെന്‍ഡു ചെയ്തു. ശ്രീകാര്യം സോണല്‍ ഓഫിസിലാണ് തട്ടിപ്പ് ആദ്യം കണ്ടെത്തിയത്. കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ആദ്യം 1.74 ലക്ഷത്തിന്റെ കുറവു കണ്ടെത്തി. വിശദ പരിശോധനയില്‍ ഇതു 5.40 ലക്ഷമായി കൂടി. സംഭവത്തില്‍ ഓഫിസ് അറ്റന്‍ഡന്റ് ബിജു, ബില്‍ കലക്ടര്‍ അനില്‍ എന്നിവരെ നേരത്തെ സസ്‌പെന്‍ഡു ചെയ്തിരുന്നു.
ഉള്ളൂര്‍, ആറ്റിപ്ര സോണലുകളില്‍ രണ്ടു ലക്ഷത്തില്‍ താഴെയുള്ള ക്രമക്കേടാണ് കണ്ടെത്തിയത്. ഇതു കണക്കുകള്‍ ക്രമപ്പെടുത്തിയപ്പോള്‍ സംഭവിച്ചതാണോയെന്നറിയാന്‍ വിശദ പരിശോധന നടത്തും.ഒരു ദിവസത്തെ കലക്ഷന്‍ ബാങ്കില്‍ അടക്കുന്ന സമയം ഒന്നിനു പകരം രണ്ടു ചെല്ലാനുകളില്‍ ബാങ്കിന്റെ സീല്‍ പതിപ്പിച്ചു വാങ്ങും. ഇതു രേഖകളാക്കിയാണ് തട്ടിപ്പ്.
ബാങ്ക് സീല്‍ പതിപ്പിച്ചിട്ടുള്ള ചെല്ലാന്‍ ആയതിനാല്‍ ക്രമക്കേട് എളുപ്പം കണ്ടുപിടിക്കാന്‍ കഴിയില്ല. ഈ പഴുതാണ് പണം തട്ടാന്‍ ഉപയോഗിച്ചത്. സോണല്‍ ഓഫിസുകളില്‍ വ്യാപക പണാപഹരണം പുറത്തായതിനു പിന്നാലെ കോര്‍പറേഷന്‍ സെക്രട്ടറിയില്‍ നിന്നു തദ്ദേശ മന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുണ്ടായത്.
സോണല്‍ ഓഫിസുകളിലും മെയിന്‍ ഓഫിസിലും നടത്തുന്ന പരിശോധന കൂടുതല്‍ ശക്തമാക്കാനും കണക്കുകള്‍ പരിശോധിക്കുന്നതിന് നഗരസഭാതലത്തില്‍ പ്രത്യേക സംവിധാനം രൂപീകരിക്കുന്നതിനും തീരുമാനിച്ചതായി മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.
നികുതിയിനത്തില്‍ ലഭിച്ച തുക ബാങ്കില്‍ അടയ്ക്കാതെ ജീവനക്കാര്‍ തിരിമറി നടത്തിയ സംഭവത്തില്‍ അക്കൗണ്ട്‌സ് ഓഫിസറില്‍ നിന്നു മേയര്‍ കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. എന്നാല്‍ പണാപഹരണം കണ്ടെത്താന്‍ കഴിയാത്തതു സാങ്കേതിക ബുദ്ധിമുട്ടു കാരണമാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.
സോണല്‍ ഓഫിസുകളിലെ കലക്ഷന്‍ കോര്‍പറേഷന്റെ ആസ്ഥാന ഓഫിസിലേക്ക് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) പോര്‍ട്ടു ചെയ്യുന്നത് 15 മുതല്‍ 30 ദിവസങ്ങളുടെ ഇടവേളയിലാണ്. ഇതു കാരണം 11 സോണല്‍ ഓഫിസുകളിലും ആസ്ഥാന ഓഫിസിലും ദിവസം തോറും സ്വീകരിക്കുന്ന തുകയുടെ വിശദാംശങ്ങള്‍ അക്കൗണ്ട്‌സ് വിഭാഗത്തില്‍ പരിശോധിക്കാന്‍ കഴിയുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.