NationalNews

ലഖിംപൂര്‍: കേന്ദ്രമന്ത്രിയെ പുറത്താക്കണം, രാജ്യവ്യാപക മൗനവ്രത പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്,മന്ത്രിപുത്രന്റെ ചോദ്യം ചെയ്യല്‍ 10 മണിക്കൂര്‍ പിന്നിട്ടു

ഡല്‍ഹി: ലഖീംപൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മൗനവ്രത പ്രക്ഷോഭത്തിന്. ഒക്ടോബര്‍ പതിനൊന്ന് തിങ്കളാഴ്ച രാവിലെ പത്തു മുതല്‍ ഒരു മണി വരെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകള്‍ക്കു മുന്‍പിലോ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്‍പിലോ കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് മൗനവ്രത സമരം നടത്തുക. മുതിര്‍ന്ന നേതാക്കളും, എംപിമാരും, എം എല്‍ എമാരും, പാര്‍ട്ടി ഭാരവാഹികളും മൗനവ്രതത്തില്‍ പങ്കുചേരുമെന്ന് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി അറിയിച്ചു.

ലഖീംപൂരില്‍ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ കാറോടിച്ചു കയറ്റി കര്‍ഷകരടക്കം എട്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്. നേരത്തെ പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ മരിച്ച കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചിരുന്നു.

രാജ്യം നടുങ്ങിയ ഒരു വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിനുത്തരവാദിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്നും ഉടനടി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രാജ്യവ്യാപകമായി മൗനവ്രത സമരം സംഘടിപ്പിക്കുന്നത്.

ലഖിംപുര്‍ കേസില്‍ മന്ത്രി പുത്രന്‍ ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യല്‍ പത്തു മണിക്കൂറായി തുടരുകയാണ്. ലഖിംപുര്‍ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. സംഘര്‍ഷസമയത്ത് താന്‍ സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന വാദമാണ് ആശിഷ് മിശ്ര ആവര്‍ത്തിക്കുന്നത്. അന്നേദിവസം ഒരു ഗുസ്തിമത്സരത്തിന് സംഘാടകനായി പോയിരിക്കുകയായിരുന്നു എന്നാണ് ആശിഷ് മിശ്ര പറയുന്നത്.

രാവിലെ വളരെ നാടകീയമായാണ് ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചത്. പൊലീസ് വലയത്തില്‍, പിന്നിലൂടെയുള്ള വാതിലിലൂടെയാണ് ആശിഷ് മിശ്രയെ ഓഫീസിനുള്ളിലെത്തിച്ചത്. കൊലപാതകം, കൊല്ലാനുറപ്പിച്ച് വാഹനം ഓടിക്കല്‍, ക്രിമിനല്‍ ഗൂഢാലോചനയടക്കം എട്ട് ഗുരുതര വകുപ്പുകളാണ് ആശിഷ് മിശ്രയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നെന്ന് തെളിയിക്കാനാകുമെന്നാണ് ആശിഷ് മിശ്ര പറയുന്നത്. താന്‍ ഗുസ്തിമത്സരം നടക്കുന്നിടത്താണെന്ന് തെളിയിക്കുന്ന വീഡിയോ ഉണ്ടെന്നും ആശിഷ് മിശ്ര പറയുന്നു. ഈ വാദങ്ങളൊക്കെ അംഗീകരിക്കപ്പെടുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

അതേസമയം, ആശിഷിന്റെ പിതാവായ മന്ത്രി അജയ് മിശ്ര രാജിവെക്കാതെ ലഖിംപുര്‍ സംഭവത്തിലെ ഇരകള്‍ക്ക് നീതി ഉറപ്പാകില്ലെന്ന് പ്രിയങ്കാ ഗാന്ധി അഭിപ്രായപ്പെട്ടു. ആശിഷ് മിശ്ര കീഴടങ്ങിയതോടെ അജയ് മിശ്രയുടെ രാജിക്കായി സമ്മര്‍ദ്ദം ശക്തമാണ്. അജയ്മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. ലഖിംപൂര്‍ ഖേരിയില്‍ 12ന് കര്‍ഷകസംഘടനകള്‍ മാര്‍ച്ച് നടത്തും.
പ്രതിപക്ഷ സമ്മര്‍ദ്ദത്തിന്റെയും കോടതി ഇടപെടലിന്റെയും ഫലമായാണ് ആശിഷ് മിശ്ര ഒടുവില്‍ കീഴടങ്ങിയത്. തല്ക്കാലം അജയ് മിശ്രയുടെ രാജി വേണ്ടെന്ന നിലപാടില്‍ ബിജെപി ഉറച്ചു നില്ക്കുകയാണ്. എന്തുകൊണ്ട് അഖിലേഷ് യാദവ് മരിച്ച ബ്രാഹ്മണ സമുദായ അംഗങളുടെ വീട്ടില്‍ പോയില്ലെന്ന യോഗി ആദിത്യനാഥിന്റെ ചോദ്യം ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നീക്കത്തിന്റെ സൂചനയായി.

സംഭവത്തില്‍ യുപി സര്‍ക്കാരിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേസ് സിബിഐക്കു വിട്ട് പ്രതിഷേധം തണുപ്പിക്കാന്‍ യുപി സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി ഇരുപതിന് കേസ് പരിഗണിക്കാനായി മാറ്റിയതിനാല്‍ ഈ നീക്കം ഉപേക്ഷിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷനും വിഷയത്തില്‍ ഒടുവില്‍ ഇടപെട്ടു. മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷന്‍ സര്‍ദാര്‍ ഇഖ്ബാല്‍ സിംഗ് ലാല്‍പുര ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരെ ന്യൂനപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷന്‍ കണ്ടു. മന്ത്രിയുടെ മകനെ രക്ഷിക്കാന്‍ നടത്തിയ നീക്കം പാളിയത് യുപിസര്‍ക്കാരിനും പൊലീസിനും ദേശീയ തലത്തില്‍ തന്നെ വന്‍ തിരിച്ചടിയാവുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button