മോഷ്ടിച്ച ആഭരണം അണിഞ്ഞ് ജോലിക്കാരി യുട്യൂബ് ഷോർട്സ് ഇട്ടു; വീഡിയോ വൈറല്‍,പിന്നാലെ അറസ്റ്റ്‌

കൊല്‍ക്കത്ത: കവർച്ചചെയ്ത ആഭരണമണിഞ്ഞ് യൂട്യൂബ് ഷോർട്സ് ഇട്ട യുവതി പോലീസിന്‍റെ പിടിയിൽ. കൊൽക്കത്തയിലെ ബേഹാലയിലുള്ള ഒരു വീട്ടിലെ മുന്‍ വീട്ടുജോലിക്കാരി പൂര്‍ണിമ മണ്ടലിനെയാണ് (35) പര്‍ണ്ണശ്രീ പോലീസ് അറസ്റ്റുചെയ്തത്. മോഷണം നടന്ന വിവരം വീട്ടുകാർ അറിഞ്ഞതാകട്ടെ വീഡിയോ വൈറലായശേഷവും.

ബോഹാലയിലെ ഒരു വീട്ടില്‍ ജോലിക്ക് നിന്നിരുന്ന പൂര്‍ണിമ കഴിഞ്ഞ വര്‍ഷമാണ് സ്വര്‍ണം കവര്‍ന്നശേഷം ജോലിവിട്ടത്. യൂട്യൂബില്‍ ഷോര്‍ട്ട്‌സ് ഇടുന്ന പതിവുള്ള പൂര്‍ണിമ കവര്‍ന്ന സ്വര്‍ണവുമായി സാമൂഹികമാധ്യമത്തില്‍ വീഡിയോ ഇട്ടതോടെയാണ് പോലീസ് പിടിയിലായത്. മോഷണം നടത്തി ആറുമാസങ്ങള്‍ക്കുശേഷമാണ് പൂര്‍ണിമ പോലീസിന്റെ പിടിയിലായത്.

സഞ്ജിത മുഖര്‍ജി-സമിരണ്‍ ദമ്പതിമാര്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൂര്‍ണിമയെ വീട്ടുജോലിക്കായി നിയമിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പൂര്‍ണിമ ജോലി വിടുകയും ചെയ്തു. യൂട്യൂബിൽ പതിവായി വീഡിയോകൾ ഇടുന്നത് പൂർണിമയുടെ പതിവായിരുന്നു. ഇത്തരത്തിലൊരു വീഡിയോ കണ്ടതോടെയാണ് പൂർണിമ അണിഞ്ഞിരിക്കുന്ന ആഭരണം തന്‍റേതാണെന്ന് സഞ്ജിതയ്ക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്.

പിന്നീട് വിവിധ വീഡിയോകളിലായി ഇതേ സ്വര്‍ണാഭരണങ്ങള്‍ പൂർണിമ അണിഞ്ഞിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടര്‍ന്ന് ദമ്പതിമാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സഞ്ജിതയുടെ രണ്ട് കമലുകളും സമിരണന്റെ ഒരു മോതിരവും പോലീസ് കണ്ടെടുത്തു. പൂര്‍ണിമ മുന്‍പ് ജോലിനോക്കിയിരുന്ന വീടുകളില്‍ ഇത്തരത്തില്‍ മോഷണങ്ങള്‍ നടന്നിട്ടുണ്ടോയെന്നത് അന്വേഷിച്ചുവരികയാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News